കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നത്; വിമര്‍ശിച്ച് രമേശ് ചെന്നിത്തല
പി എം ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തതില്‍ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത മാധ്യമ വേട്ടയാണ് നടക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ കേസെടുക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണ്. മാധ്യമവേട്ടയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയും സര്‍ക്കാരുമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ കൊള്ളരുതായ്മകളും അഴിമതികളും പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്. മാധ്യമങ്ങള്‍ക്കെതിരെ കേസെടുക്കുന്ന നടപടികള്‍ സ്വീകരിച്ചാല്‍ അവരെങ്ങനെ ജോലി ചെയ്യും? വാര്‍ത്തകള്‍ റിപ്പോര്‍ട്ട ചെയ്യല്‍ അവരുടെ ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ കേസെടുക്കുന്നത് തെറ്റായ സമീപനമാണ് എന്നും രമേശ് ചെന്നിത്തല പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തിയിരുന്നു. എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് നടക്കുന്നത്. സംഘപരിവാര്‍ ഡല്‍ഹിയില്‍ ചെയ്യുന്നതാണ് സിപിഐഎം കേരളത്തില്‍ ചെയ്യുന്നതെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ കേസെടുത്ത നടപടി മാധ്യമവേട്ടയാണ് . ഇതില്‍ നാളെ മുതല്‍ ശക്തമായ പ്രതിഷേധമാണ് ഉയരാന്‍ പോകുന്നത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. എം വി ഗോവിന്ദന്റെ ഭീഷണി ആരും വിലവയ്ക്കുന്നില്ലെന്ന് വി ഡി സതീശന്‍ പരിഹസിച്ചു.
അതേസമയം അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. ആര്‍ഷോയുടെ പരാതി അന്വേഷിക്കുമെന്നും മാധ്യമസ്വാതന്ത്ര്യം എന്നത് ഗൂഢാലോചന നടത്തലല്ലെന്നുമായിരുന്നു എം വി ഗോവിന്ദന്റെ വാക്കുകള്‍.