Thursday, January 23, 2025
Kerala

ഇടുക്കിയിൽ നിന്നും 27 കി.മി മാത്രം അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും

ഇടുക്കിക്ക് പ്രതീക്ഷ നൽകി കേരള-തമിഴ്‌നാട് അതിർത്തി നഗരമായ ബോഡി നായ്ക്കന്നൂരിൽ ഇന്ന് മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇടുക്കിയിൽ നിന്നും 27 കിലോമീറ്റർ മാത്രമാണ് ഇനി റെയിൽവേ സ്റ്റേഷനിലേക്കുള്ള ദൂരം. ടൂറിസം, വ്യാപാര, തീർത്ഥാടന മേഖലക്ക് പുത്തൻ ഉണർവ്വും പ്രതീക്ഷിക്കുന്നു.

രാത്രി 8:30ന് ബോഡിനയിക്കുന്നൂരിൽ നിന്നുള്ള ആദ്യ ട്രെയിനിന്റെ ചൂളം വിളി മുഴങ്ങും. ചെന്നൈ സെൻട്രൽ എക്സ്പ്രസിന്റെ ആദ്യ യാത്ര കേന്ദ്രമന്ത്രി എൽ മുരുകൻ ഫ്ളാഗ് ഓഫ് ചെയ്യും. ഇടുക്കിയോട് ചേർന്ന് കിടക്കുന്ന പട്ടണത്തിൽ ട്രെയിൻ എത്തുന്നതോടെ ഹൈറേഞ്ചും പ്രതീക്ഷയിലാണ്. ഹൈറേഞ്ചിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്ക് നീക്കത്തിനും,വിനോദ സഞ്ചാരികൾക്കും ശബരിമല തീർത്ഥാടകർക്കും പാത ഗുണകരമാകും. ഒരു വർഷം മുമ്പ് തേനി വരെയുള്ള സർവ്വീസ് ആരംഭിച്ചിരുന്നു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ്, ബോഡിയിൽ നിന്നും ചെന്നൈയിലേയ്ക്ക് സർവ്വീസ്. ചൊവ്വാ, വ്യാഴം, ഞായർ ദിവസങ്ങളിൽ തിരിച്ചും. മധുര- ബോഡി റൂട്ടിൽ അൺ റിസർവേർഡ് എക്സ്പ്രസ് ട്രെയിൻ എല്ലാ ദിവസവും സർവ്വീസ് നടത്തും. ബോഡിയിലേയ്ക്കുള്ള പാതയിലെ, വിവിധ ഘട്ട പരീക്ഷണ ഓട്ടങ്ങളും പൂർത്തീകരിച്ച ശേഷമാണ്, സർവ്വീസ് ആരംഭിയ്ക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *