ഗോത്രസാരഥി പദ്ധതിയിലൂടെ സ്‌കൂളുകളിലേക്ക് സൗജന്യയാത്ര ലഭിച്ചിരുന്ന കുട്ടികൾ പദ്ധതിയുടെ പേര് മാറിയതോടെ പ്രതിസന്ധിയിൽ
ഗോത്രസാരഥി പദ്ധതിയിലൂടെ സ്‌കൂളുകളിലേക്ക് കഴിഞ്ഞ വർഷം വരെ സൗജന്യയാത്ര ലഭിച്ചിരുന്നവരാണ് സംസ്ഥാനത്തെ പ്രാക്തന ഗോത്രവിഭാഗത്തിലുൾപ്പെടുന്ന വിദ്യാർത്ഥികൾ. എന്നാൽ ഇത്തവണ പദ്ധതി വിദ്യാവാഹിനി എന്ന പേരിലേക്ക് മാറി വ്യവസ്ഥകളിൽ മാറ്റം വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് പല ഊരുകളിൽ നിന്നുള്ള വിദ്യാർത്ഥികളും. പദ്ധതിയുടെ പ്രയോജനത്തിൽ നിന്ന് പുറത്തായതോടെ പട്ടികവർഗ വിഭാഗത്തിലെ കുട്ടികളുടെ സ്‌കൂളുകളിലേക്കുള്ളവരവ് ഗണ്യമായി കുറഞ്ഞുവെന്നാണ് പരാതി.
പുതിയ അധ്യയന വർഷത്തിൽ ഗോത്ര വിഭാഗത്തിലുൾപ്പെട്ട കൃത്യമായി സ്‌കൂളിലെത്തുന്ന ഗോത്ര വിഭാഗത്തിലെ വിദ്യാർത്ഥികളുടെ കുറവുണ്ടെന്ന
വിവരത്തിൻറെ അടിസ്ഥാനത്തിലാണ് സുൽത്താൻബത്തേരി സർവജന ഗവൺമെൻറ് ഹൈസ്‌കൂളിലെ അധ്യാപകനായ ഷിമോദുമൊത്ത് വിവിധ ഊരുകളിലേക്ക് ട്വന്റിഫോർ സംഘമിറങ്ങിയത്. ആദ്യമെത്തിയത് മാവടി ഊരിലായിരുന്നു. കഴിഞ്ഞ അധ്യയനവർഷം വരെ ഗോത്രസാരഥി പദ്ധതിയിലുൾപ്പെട്ട കുട്ടികളിൽ പലർക്കുമിപ്പോൾ സൗജന്യയാത്രയില്ലെന്ന് ഇവിടുത്തെ നിവാസികൾ ട്വന്റിഫോറിനോട് പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങൾക്ക് സാമ്പത്തിക ബാധ്യത വന്നതോടെ പദ്ധതി പട്ടികവർഗവകുപ്പ് ഏറ്റെടുക്കുകയും നിബന്ധനകളിൽ മാറ്റം വരുത്തുകയും ചെയ്തു. ദുർഘടപാതകളുള്ള ഊരുകളിലേക്ക് മാത്രമായി പദ്ധതി നിജപ്പെടുത്തി. ഇത്രകാലം ഗോത്രസാരഥിയുടെ ഗുണം അനുഭവിച്ചിരുന്ന പല വിദ്യാർത്ഥികളും സ്‌കൂളുകളിലേക്ക് നടക്കേണ്ട ഗതികേടിലാണ്.
ബസ് സർവീസ് ഇല്ലാത്ത മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്വാകാര്യവാഹനങ്ങളെ ആശ്രയിക്കണം. ഈ ചിലവ് താങ്ങാൻ രക്ഷിതാക്കൾക്കും സാധിക്കുന്നില്ല. സൗജന്യയാത്ര സാധ്യമാകാതെ വന്നതോടെ ഗോത്രവിഭാഗത്തിലെ വിദ്യാർത്ഥികളുടെ കുറവ് പ്രതിഫലിക്കുന്നുണ്ടെന്ന് അധ്യാപകരും പറയുന്നു.