Thursday, January 23, 2025
Kerala

ശ്രദ്ധയുടെ മരണം: കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു

തിരുവനന്തപുരം: കോട്ടയം അമൽ ജ്യോതി എഞ്ചിനീയറിങ് കോളേജിൽ ശ്രദ്ധയെന്ന വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കോളേജുകളിൽ വിദ്യാർത്ഥി പരാതി പരിഹാര സെൽ രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു. സെല്ലിൽ നിന്ന് നീതി ലഭിച്ചില്ലെങ്കിൽ സർവകലാശാലയിൽ മോണിറ്ററിങ് സമിതിയെ സമീപിക്കാൻ അവസരമുണ്ടാകും. ഇക്കാര്യം ഉടൻ സർവകലാശാല നിയമത്തിന്റെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരത്ത് വാർത്താസമ്മേളനം വിളിച്ചുചേർത്താണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപനം നടത്തിയത്. കോളേജുകളിൽ പ്രിൻസിപ്പാളായിരിക്കും സെൽ മേധാവി. സർവകലാശാലകളിൽ വകുപ്പ് മേധാവി അധ്യക്ഷനാകും. പരാതി പരിഹാര സെല്ലിൽ ഒരു വനിതയുണ്ടാകും. വിദ്യാർത്ഥി യൂണിയൻ പ്രതിനിധികളും സെല്ലിൽ ഉണ്ടാകും. ഏഴ് അംഗങ്ങളായിരിക്കും പരാതി പരിഹാര സെല്ലിൽ ഉണ്ടാവുകയെന്നും മന്ത്രി വ്യക്തമാക്കി.

എസ് സി എസ് ടി / ഭിന്നശേഷി പ്രാതിനിധ്യം വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ പരാതികളിൽ നടപടി എടുത്തില്ലെങ്കിൽ കോളേജിന്റെ അംഗീകാരം റദ്ദാക്കുന്നതടക്കം നടപടി സ്വീകരിക്കുമെന്നും അല്ലെങ്കിൽ പുതിയ കോഴ്സുകൾ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വരുന്ന വലിയ മാറ്റങ്ങൾക്ക് വേണ്ടി പുതിയ നിയമങ്ങൾ അടുത്ത നിയമസഭാ സമ്മേളനത്തിൽ പരിഗണനയ്ക്ക് വെക്കും. എന്നാൽ പുതിയ സാഹചര്യത്തിൽ പെട്ടെന്ന് പാസാക്കേണ്ടതിനാലാണ് ഇക്കാര്യം ഉത്തരവായി ഇറക്കിയതെന്നും ഇത് സംബന്ധിച്ച നിയമ നിർമ്മാണം അടുത്ത നിയമസഭാ സമ്മേളനത്തിൽ നടക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *