Tuesday, January 7, 2025
Kerala

ശ്രദ്ധയുടെ ആത്മഹത്യ: ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി മന്ത്രി ഡോ. ആർ ബിന്ദു

കോട്ടയം കാഞ്ഞിരപ്പിള്ളി അമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടി മന്ത്രി ഡോ. ആർ ബിന്ദു. വിഷയം അന്വേഷിച്ച് അടിയന്തിരമായി വിശദറിപ്പോർട്ടു നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി നിർദ്ദേശം നൽകി. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയിക്കാണ് അന്വേഷണത്തിനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്.

ഇതിനിടെ, ശ്രദ്ധയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി സഹപാഠികൾ രംഗത്തെത്തി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനി ശ്രദ്ധയെ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോണിന്റെ പേരിൽ ശ്രദ്ധയെ വകുപ്പ് മേധാവി ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഓഫീസിൽ വച്ച് അതിര് വിട്ട് ശകാരിച്ചതായും സഹപാഠികൾ പറയുന്നു. പ്രശ്‌നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമാണെന്ന് അവർ അറിയിച്ചു.

കോളേജിലെ ലാബിൽ മൊബൈൽ ഉപയോഗിച്ച് എന്ന കാരണത്താൽ കോളേജ് അധികൃതർ വീട്ടിൽ വിളിച്ച് ശ്രദ്ധയെപ്പറ്റി കുറ്റങ്ങൾ പറഞ്ഞെന്ന് സഹപടികൾ ആരോപിച്ചു. ഇതോടെ ശ്രദ്ധ മാനസിക സമ്മർദ്ദത്തിലായി. മരിച്ചാൽ മതിയെന്നും ജീവിതം മടുത്തെന്നും ലാബിൽ വച്ച് പറഞ്ഞതായും സഹപാഠികളുടെ ശബ്ദസന്ദേശത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ലാബിലെ ടീച്ചറും വകുപ്പ് മേധാവിയുമാണ് പ്രശ്നം വഷളാക്കിയത്. ഹോസ്റ്റൽ മുറിയിലെത്തിയ ശ്രദ്ധ ആരോടും ഒന്നും മിണ്ടിയില്ല എന്ന് അവർ വ്യക്തമാക്കി.

ഇതിനിടെ, ശ്രദ്ധയുടെ മരണത്തിൽ അമൽ ജ്യോതി കോളേജിൽ കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. സമരവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. കോളേജിലേക്ക് എസ്എഫ്ഐയും എബിവിപിയും കെഎസ്‌യുവും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *