ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവിനെ കാറിലുണ്ടായിരുന്നവർ മർദിച്ച് പണവും മൊബൈൽ ഫോണും കവർന്നതായി പരാതി
തിരുവനന്തപുരം നിലമേലിൽ ലിഫ്റ്റ് ചോദിച്ച് കാറിൽ കയറിയ യുവാവിനെ കാറിലുണ്ടായിരുന്ന സംഘം മർദ്ദിച്ച് അവശനാക്കി പണവും മൊബൈൽ ഫോണും കവർന്നതായി പരാതി. കടയ്ക്കൽ ആൽത്തറമൂട് സ്വദേശി സനൽ ജി നായരുടേതാണ് പരാതി. സനലിൻ്റെ കൈവശമുണ്ടായിരുന്ന 30,000 രൂപയും, രണ്ട് മൊബൈൽ ഫോണുകളും, എടിഎം കാർഡും സംഘം തട്ടിയെടുത്തതായും സനൽ കിളിമാനൂർ പൊലീസിൽ പരാതി നൽകി.. സനലിൻ്റെ മൊഴിയിൽ വൈരുധ്യമെന്ന് കിളിമാനൂർ പൊലീസ്. വിശദമായ അന്വേഷണം ആവശ്യമെന്നും പൊലീസ്.
പോണ്ടിച്ചേരിയിൽ താമസിക്കുന്ന സഹോദരിയുടെ അടുത്തേയ്ക്ക് പോകുന്നതിനായി ഇന്നലെ വൈകുന്നേരം 5 മണിയോടെ കടയ്ക്കലിലെ വീട്ടിൽ നിന്ന് ഇറങ്ങിയെന്ന് സനൽ പറയുന്നു. ഏഴ് മണിയോടെ നിലമേൽ എത്തി എംസി റോഡിൽ ബസ് കാത്തു നിൽക്കവെ തിരുവനന്തപുരത്തേയ്ക്ക് വരുകയായിരുന്ന കാർ കൈ കാണിച്ച് ലിഫ്റ്റ് ചോദിച്ചു. കാറിൽ കയറി മുന്നോട്ട് പോകവെ യാത്രക്കാരിലൊരാൾ നീ സ്ക്വാഡിലുള്ളവനല്ലേയെന്ന് ചോദിച്ചു കൊണ്ട് മുഖത്ത് ഇടിക്കുകയും പിന്നാലെ മർദിക്കുകയും ചെയ്തു. തുടർന്ന് സനലിൻ്റെ ബോധം നഷ്ടപ്പെട്ടു. രാവിലെ 4.30 മണിയോടെ ബോധം തിരികെ വരുമ്പോൾ കിളിമാനൂർ പുതിയകാവിലുള്ള എടിഎം കൗണ്ടറിനുള്ളിലായിരുന്നുവെന്ന് യുവാവ് പറഞ്ഞു.
പുലർച്ചയോടെ സനൽ ഓട്ടോയിൽ കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തി വിവരം അറിയിക്കുകയായിരുന്നു. സനൽ പറയുന്നതിൽ പൊരുത്തക്കേട് ഉള്ളതായി പൊലീസ് പറഞ്ഞു. രാത്രി 12 മണിയോടെ എടിഎമിന് മുന്നിലൂടെ നടക്കുന്ന സനലിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പുലർച്ചെ രണ്ടരയോടെ സനൽ എടിഎം കൗണ്ടറിന് ഉള്ളിൽ കടക്കുന്നതും അഞ്ചരയോടെ പുറത്തിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. വിശദമായ അന്വേഷണം നടത്തിയാലെ വ്യക്തത ലഭിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. കിളിമാനൂർ പൊലീസും ചടയമംഗലം പൊലീസും സംയുക്തമായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. സനലിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ നിന്ന് പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി.