Thursday, January 9, 2025
National

അമിത് ഷായുമായുള്ള കൂടിക്കാഴ്ച; പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ

അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ. സാക്ഷി മാലികിൻ്റെ ഭർത്താവ് സത്യവ്രത് കഡ്യാൻ ആണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ തീരുമാനമെടുക്കുമെന്നും സത്യവ്രത് പറഞ്ഞു. ശനിയാഴ്ച രാത്രി അമിത് ഷായുടെ ഡൽഹിയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഗുസ്തി താരങ്ങളുടെ ആവശ്യം.

“ആഭ്യന്തര മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഞങ്ങൾ ആഗ്രഹിച്ച പ്രതികരണം ലഭിച്ചില്ല. സമരത്തിൻ്റെ ഭാവി പരിപാടികളിൽ ഉടൻ തീരുമാനമെടുക്കും. പിന്നോട്ടില്ല.”- സത്യവ്രത് കഡ്യാൻ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

ബ്രിജ് ഭൂഷണെതിരായ പരാതിയിൽ ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണമെന്ന് കായികമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞിരുന്നു. പരാതിയിൽ ഡൽഹി പൊലീസ് അന്വേഷണം നടത്തുകയാണെന്നും കായിക രംഗത്തിൻ്റെയും കായികതാരങ്ങളുടെയു പുനരുദ്ധാരണത്തിനായി സർക്കാർ എപ്പോഴും ശ്രമിക്കുകയാണെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു.

“ഞങ്ങൾ ആരെയും സംരക്ഷിക്കുന്നില്ല. ആരെയും സംരക്ഷിക്കാൻ കഴിയുകയുമില്ല. ഇന്ത്യൻ സർക്കാർ ന്യായമായ അന്വേഷണം നടത്താനാണ് ആഗ്രഹിക്കുന്നത്. അതിൽ നിന്ന് പിന്നോട്ടുപോവില്ല. പരാതിപ്പെട്ട മൂന്ന് താരങ്ങൾ സംസാരിച്ച അന്ന് തന്നെ ഞാൻ യാത്രകളൊഴിവാക്കി ഡൽഹിയിൽ തിരികെയെത്തി. ഞങ്ങൾ തുടരെ രണ്ട് ദിവസം കണ്ടു. ഏഴ് വർഷം പഴക്കമുള്ള പരാതിയാണ് താരങ്ങൾക്കുള്ളത്.”- അനുരാഗ് ഠാക്കൂർ പറഞ്ഞു.

പരാതി അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക കമ്മറ്റി ഗുസ്തി താരങ്ങളുമായി 14 തവണ കൂടിക്കാഴ്ച നടത്തിയെന്നും അനുരാഗ് ഠാക്കൂർ പറഞ്ഞു. ഓരോ താരത്തിനും അവരുടെ കാര്യം പറയാൻ അവസരം ലഭിച്ചു. റിപ്പോർട്ട് വന്നപ്പോൾ ഞങ്ങൾ അത് ഡൽഹി പൊലീസിന് കൈമാറി. പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സുപ്രിം കോടതിയെ വിവരമറിയിച്ചു. അന്വേഷണം ആരംഭിച്ചു. താരങ്ങളുടെയും ബ്രിജ് ഭൂഷണിൻ്റെയും മൊഴികൾ രേഖപ്പെടുത്തി. കുറ്റപത്രത്തിനനുസരിച്ച് നടപടി സ്വീകരിക്കും. അന്വേഷണം കഴിയും വരെ കാക്കണം. ഗുസ്തി താരങ്ങൾക്ക് നീതി ലഭിക്കണം എന്നും അനുരാഗ് ഠാക്കൂർ തുടർന്നു.

Leave a Reply

Your email address will not be published. Required fields are marked *