പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പ്; കെ.കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ എട്ടുകോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതിയായ കെ. കെ എബ്രഹാം കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു. ജയിലിൽ നിന്നാണ് കെ.കെ എബ്രഹാം രാജിക്കത്ത് എഴുതിയത്. എബ്രഹാമിനെതിരെ നടപടി സ്വീകരിക്കാമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. ജയിലിൽ നിന്നും അയച്ച രാജി കത്തിൽ പാർട്ടിക്ക് കൂടുതൽ നാണക്കേടുണ്ടാക്കാൻ താനില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ നിരപരാധിത്വം തെളിയിക്കണം. അതുവരെയും താൻ സ്ഥാനത്ത് നിന്ന് മാറി നിൽക്കുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടി കാണിച്ചു.
കെപിസിസി ജനറൽ സെക്രട്ടറിയും ബാങ്ക് മുൻ ഭരണസമിതി പ്രസിഡണ്ടുമായ കെ കെ അബ്രഹാം ഉൾപ്പെടെ 10 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ഭരണസമിതിയിൽ ഉൾപ്പെട്ട സജീവൻ കൊല്ലപ്പിള്ളി ആണ് ക്രമക്കേടിന്റെ മുഖ്യ സൂത്രധാരൻ എന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ബാങ്ക് ലോൺ സെക്ഷൻ മേധാവി പി യു തോമസ്, മുൻ സെക്രട്ടറി കെ ടി രമാദേവി, ഭരണസമിതി അംഗങ്ങൾ ആയിരുന്ന ടി എസ് കുര്യൻ, ജനാർദ്ദനൻ, ബിന്ദു കെ തങ്കപ്പൻ, സി വി വേലായുധൻ, സുജാത ദിലീപ്, വി.എം പൗലോസ് എന്നിവരാണ് പ്രതി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. കെ കെ എബ്രഹാം, രമാദേവി എന്നിവർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ ആണ്.
കേസിൽ കഴിഞ്ഞ ദിവസമാണ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ എബ്രഹാം അറസ്റ്റിലായത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായ എബ്രഹാമിന്റെ അറസ്റ്റ് ആശുപത്രിയിൽ എത്തിയാണ് പുൽപ്പള്ളി പൊലീസ് രേഖപ്പെടുത്തിയത്. വഞ്ചന, ആത്മഹത്യാപ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് എബ്രഹാമിനെതിരെ ചുമത്തിയത്. ബാങ്കിൽ വായ്പ തട്ടിപ്പിന് ഇരയായ രാജേന്ദ്രൻ നായർ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തിരുന്നു. ഇതിൻറെ തുടർച്ചയായാണ് എബ്രഹാമിന്റെ അറസ്റ്റ്.