Friday, January 10, 2025
Kerala

ബക്കറ്റ് പിരിവ് മറ്റൊരു പേരിൽ പിരിക്കുന്നു; ലോക കേരള സഭ പ്രവാസികൾക്ക് പ്രയോജനം നൽകുന്നില്ലെന്ന് രമേശ് ചെന്നിത്തല

ലോക കേരള സഭ കൊണ്ട് ആർക്കും പ്രയോജനമില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികൾക്ക് പ്രയോജനം ഇല്ലാത്തതിനാലാണ് പ്രതിപക്ഷം ബഹിഷ്കരിക്കുന്നത്. ഇത്തരമൊരു പരിപാടി നടത്തുന്നത് സംസ്ഥാന സർക്കാരിനിന്റെ ധൂർത്തും വരേണ്യ വർഗ്ഗത്തിന് വേണ്ടിയുള്ള ഏർപ്പാടുമാണെന്ന് അദ്ദേഹം ആരോപിച്ചു. സ്പോൺസർഷിപ്പ് എന്നത് വെറുമൊരു പേരാണ് എന്നും ബക്കറ്റ് പിരിവ് നടത്തുന്നവർ വേറൊരു പേരിൽ പിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ കാണാൻ പണം കൊടുക്കണമെന്ന് പറയുന്നത് കേട്ടു കേൾവിയില്ലാത്ത കാര്യമാണെന്നും രമേശ് ചെന്നിത്തല അറിയിച്ചു. പൂച്ച പാല് കുടിക്കും പോലെ തട്ടിപ്പ് നടത്തുന്നു. ബക്കറ്റ് പിരിവിന്റെ മറ്റൊരു രൂപമാണ് ഈ സ്പോൺസർഷിപ്പെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടുള്ള ഏർപ്പാടാണ് ഈ പണപ്പിരിവ്. സർക്കാരിന്റെ പണമില്ലാത്തതു കൊണ്ടു നാട്ടുകാരുടെ കയ്യിൽ നിന്നും പണം പിരിക്കുന്നു എന്ന് പറയുന്നത് എന്ത് അവസ്ഥയാണ് എന്ന് ചോദിച്ച ചെന്നിത്തല സ്പോൺസർഷിപ്പ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പിന്മാറണമെന്നും ആവശ്യം ഉന്നയിച്ചു.

പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ടെന്നും ഷോക്ക് അടിപ്പിക്കണമെന്നുമുള്ള എകെ ബാലന്റെ പരാമർശത്തിന് ഷോക്ക് ആർക്കാണ് അടിപ്പിക്കേണ്ടതെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ എന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ പ്രതികരണം. അമേരിക്കയിൽ ചിലപ്പോ പണപ്പിരിവ് ഏർപ്പാടുണ്ടാകും. ഒരു സംസ്ഥാന സർക്കാർ അത് ചെയ്യുമ്പോഴാണ് കുഴപ്പം എന്നും അദ്ദേഹം വിഷയമായി ബന്ധപ്പെട്ട കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *