ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം
കോടതി നിർദേശം മറികടന്ന് ബ്രഹ്മപുരത്തേക്ക് വീണ്ടും കൊച്ചി കോർപ്പറേഷൻ്റെ മാലിന്യ നീക്കം. ഫോർട്ട് കൊച്ചിയിൽ നിന്ന് 3 വണ്ടികളാണ് വീണ്ടും ബ്രഹ്മപുരത്തേക്ക് മാലിന്യം നിക്ഷേപിക്കാനെത്തിയത്. സംഭവം വിവാദമായതോടെ മേയർ ഇടപെട്ട് ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ടു പോകുന്നത് നിർത്തിവെച്ചു. അതേസമയം കൊച്ചിയിൽ നിന്ന് മാലിന്യം ശേഖരിക്കാൻ തീരുമാനിച്ച കമ്പനിയെ മാധ്യമങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തിയെന്ന് മേയർ എം അനിൽകുമാർ ആരോപിച്ചു.
ജൂൺ ഒന്ന് മുതൽ ബ്രഹ്മപുരത്തേക്ക് ജൈവ മാലിന്യവും കൊണ്ടു പോകരുതെന്നായിരുന്നു ഹൈക്കോടതി നിർദ്ദേശം. ബ്രഹ്മപുരം തീ പിടുത്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു നിർണായക ഇടപെടൽ. ഇന്ന് മുതൽ മാലിന്യം ശേഖരിക്കാൻ കൊച്ചി കോർപ്പറേഷൻ സ്വകാര്യ ഏജൻസികളേയും ചുമതലപ്പെടുത്തി. അതിനിടയിലാണ് ഇന്ന് കോടതി നിർദേശം മറികടന്ന് വീണ്ടും ബ്രഹ്മപുരത്തേക്ക് കോർപ്പറേഷൻ്റെ മാലിന്യവണ്ടികളെത്തിയത്.
ഫോർട്ട് കൊച്ചിയിൽ നിന്നായിരുന്നു ബ്രഹ്മപുരത്തേക്കുള്ള മാലിന്യനീക്കം. വിവാദമായതോടെ കൊച്ചി മേയർ ഇടപെട്ടു. ഇനി മാലിന്യവണ്ടികൾ ബ്രഹ്മപുരത്തേക്ക് പോകേണ്ടതില്ലെന്ന് നിർദ്ദേശം നൽകി. അതിനിടെ കൊച്ചിയിൽ മാലിന്യം ശേഖരിക്കാൻ തീരുമാനിച്ച കമ്പനിയെ ഭീഷണിപ്പെടുത്തിയെന്ന് മേയർ എം അനിൽ കുമാർ ആരോപിച്ചു. മാധ്യമങ്ങളുടെ പേരിലാണ് ഫോൺ ചെയ്തത്. മാലിന്യം എങ്ങോട്ട് കൊണ്ടുപോകുമെന്ന് വ്യക്തമാക്കാതെ മാലിന്യമെടുക്കാൻ അനുവദിക്കില്ലെന്നായിരുന്നു ഭീഷണിയെന്നും മേയർ. ഭീഷണി വന്നതോടെ ഒരു കമ്പനി പിൻമാറിയെന്ന് മേയർ എംഅനിൽകുമാർ പറഞ്ഞു.