Thursday, January 9, 2025
Kerala

‘ഹൈക്കോടതി വിധിക്ക് മുന്നോടിയായുള്ള വിജയം’; ഫ്രാങ്കോയുടെ രാജിയിൽ സിസ്റ്റർ ലൂസി കളപ്പുര

ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി സിസ്റ്റർ ലൂസി കളപ്പുര. മാർപാപ്പയുടെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ ലൂസി കളപ്പുര 24 നോട്. രാജി മാര്‍പാപ്പ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷമായും ആ സ്ഥാനത്ത് അയോഗ്യനാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയാണെന്നും സിസ്റ്റര്‍ പറഞ്ഞു.

ഹൈക്കോടതി വിധിക്ക് മുന്നോടിയായുള്ള വിജയമായാണ് മാർപാപ്പയുടെ തീരുമാനത്തെ കാണുന്നത്. കോടതി കുറ്റവിമുക്തനാക്കിയാലും ഇരയായ സിസ്റ്ററുടെ ഹൃദയത്തിൽ അദ്ദേഹം കുറ്റവാളിയാണ്. സ്ഥാനത്ത് തുടരാൻ ഫ്രാങ്കോ മുളയ്ക്കൽ യോഗ്യനല്ല. മറ്റു മാർഗ്ഗങ്ങൾ ഇല്ലാതെ വന്നതോടെയാണ് രാജി. ഫ്രാങ്കോ കുറ്റക്കാരനാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർക്ക് പോലും അറിയാമെന്നും ലൂസി കളപ്പുര പറഞ്ഞു.

ഇരയെ നിരന്തരമായി ദ്രോഹിച്ചും പീഡിപ്പിച്ചും അവരുടെ അസ്തിത്വത്തെ പോലും ഇല്ലാതാക്കുന്ന പ്രവർത്തികളാണ് അദ്ദേഹം ചെയ്തത്. രാജി മാര്‍പാപ്പ അംഗീകരിക്കുമ്പോള്‍ പ്രത്യക്ഷമായും ആ സ്ഥാനത്ത് അയോഗ്യനാണെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുകയാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേർത്തു. എന്നാൽ ഫ്രാങ്കോയുടെ രാജി അച്ചടക്ക നടപടിയല്ലെന്നാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിനെതിരായ ഹ‍ര്‍ജി കോടതിയുടെ പരിഗണനയിരിക്കെയാണ് ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *