Saturday, October 19, 2024
World

രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്

റഷ്യയുടെ ഓണററി കോണ്‍സുലും തിരുവനന്തപുരം റഷ്യന്‍ഹൗസ് ഡയറക്ടറുമായ രതീഷ് സി.നായര്‍ക്ക് റഷ്യന്‍ പ്രസിഡന്റിന്റെ ഉന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്. രതീഷ് നായര്‍ ഉള്‍പ്പടെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മൂന്ന് നയതന്ത്രപ്രതിനിധികള്‍ക്ക് ഈ ബഹുമതി നല്‍കുന്ന ഡിക്രിയില്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ഒപ്പിട്ടു. മന്ത്രാലയത്തിലെ മനുഷ്യാവകാശ വകുപ്പ് ഡയറക്ടര്‍ ഗ്രിഗോറി ലുക്യാന്‍ത്സേവ്, അല്‍ബാനിയയിലെ റഷ്യന്‍ അംബാസഡര്‍ മിഖായില്‍ അഫനാസിയേവ് എന്നിവരാണ് ഇപ്പോള്‍ ഈ ബഹുമതികള്‍ക്ക് അര്‍ഹരായ മറ്റു രണ്ട് പേര്‍. റഷ്യയുടെ വിദേശകാര്യനയം നടപ്പിലാക്കുന്നതിലും, ഇന്തോ-റഷ്യന്‍ ബന്ധത്തിന് നല്‍കിയ സംഭാവനയും കണക്കിലെടുത്താണ് ബഹുമതി നല്‍കുന്നതെന്നും ഡിക്രിയില്‍ പറയുന്നു.

പ്രസിഡന്റിന്റെ മെഡലുകള്‍ക്കും മുകളിലാണ് ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ്. തുര്‍ക്ക്‌മെനിസ്ഥാന്‍ പ്രസിഡന്റ് സര്‍ദാര്‍ ബെര്‍ദിമുഹമ്മദവ്, മലേഷ്യന്‍ മുന്‍പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ്, കനേഡിയന്‍ മുന്‍പ്രധാനമന്ത്രി തുടങ്ങിയവര്‍ ഇതിനു മുമ്പ് ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ലഭിച്ചവരില്‍ ഉള്‍പ്പെടും. റഷ്യയിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് അല്‍ ജബാറിന് ഈ വര്‍ഷം ഓര്‍ഡര്‍ ഓഫ് ഫ്രണ്ട്ഷിപ്പ് ലഭിച്ചിരുന്നു.

ഇന്ത്യയില്‍ നിന്ന് സാമൂഹികസേവനത്തിനും ഇന്തോറഷ്യന്‍ സൗഹൃദബന്ധത്തിനും നല്‍കിയ സംഭാവനകളെ മാനിച്ച് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍, സാംസ്‌കാരികരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് മൃണാള്‍സെന്‍ എന്നിവര്‍ ഈ ബഹുമതി ലഭിച്ചവരില്‍ ഉള്‍പ്പെടും. 2000 മുതല്‍ തിരുവനന്തപുരത്തെ റഷ്യന്‍ഹൗസ് ഡയറക്ടറാണ് രതീഷ് സി.നായര്‍. 2008ല്‍ റഷ്യ കോണ്‍സുലേറ്റ് തുറന്നപ്പോള്‍ ഓണററി കോണ്‍സുലായി നിയമിതനായി. റഷ്യന്‍ പ്രസിഡന്റിന്റെ പുഷ്‌കിന്‍ മെഡലും, റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ രണ്ടും സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഒന്നും ഉള്‍പ്പെടെ ആറ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിയാണ്.

Leave a Reply

Your email address will not be published.