അഞ്ച് ദിവസത്തേക്ക് വേനല്‍മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മുതല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം എന്നീ ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
കടുത്ത മഴയുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് നാളെ രണ്ട് ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മേല്‍പ്പറഞ്ഞ ഏഴ് ജില്ലകളില്‍ കനത്ത മഴയുണ്ടാകാനാണ് സാധ്യത. ജൂണ്‍ നാലോട് കൂടിയാണ് സംസ്ഥാനത്ത് മണ്‍സൂണ്‍ തുടങ്ങുക.
അതേസമയം സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തും. ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെയുള്ള 52 ദിവസത്തേക്കാണ് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിച്ചത്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും. 52 ദിവസത്തേക്ക് ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തെ മത്സ്യവില കുതിച്ചുയരും.