ഡൽഹിയിൽ ഐപിഎൽ വേദിക്ക് മുന്നിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധം
ഡൽഹിയിൽ ഐപിഎൽ വേദിക്ക് മുന്നിൽ ഗുസ്തി തരങ്ങളുടെ പ്രതിഷേധം. ചെന്നൈ സൂപ്പർ കിങ്‌സും ഡൽഹി ക്യാപിറ്റേഴ്‌സും തമ്മിലുള്ള മത്സരം നടക്കുന്ന അരുൺ ജെയ്‌റ്റിലി സ്റ്റേഡിയത്തിന് മുന്നിലാണ് ഗുസ്തി താരങ്ങൾ പ്രതിഷേധവുമായി എത്തിയത്. പ്ലകാർഡകളുമായി എത്തിയ താരങ്ങളെ പോലീസ് തടഞ്ഞു. ഇതോടെയാണ് മൂന്നാം നമ്പർ ഗേറ്റിന് മുന്നിൽ ഗുസ്തി താരങ്ങൾ പ്രതിഷേധം നടത്തിയത്.
അതേസമയം, റസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതിനായി സമരത്തിലുള്ള ഗുസ്തി താരങ്ങൾ പ്രഖ്യാപിച്ച സമയപരിധി ഇന്ന് അവസാനിക്കും. അറസ്റ്റ് ഉണ്ടായില്ലെങ്കിൽ സമരം കടുപ്പിക്കും എന്ന് താരങ്ങൾ അറിയിച്ചു. തുടർ പ്രക്ഷോഭങ്ങൾ തീരുമാനിക്കാൻ നാളെ ജന്തർ മന്ദറിൽ ഖാപ് പഞ്ചായത്ത് ചേരും.
ഭാരതീയ കിസാൻ യൂണിയൻ അടക്കമുള്ള കർഷക സംഘടനകൾ യോഗത്തിൽ പങ്കെടുക്കും. പഞ്ചാബിൽ നിന്നുള്ള കർഷക നേതാക്കൾ ജന്തർ മന്തറിൽ എത്തി ചേർന്നു. ഡൽഹി വളയൽ അടക്കമുള്ള സമര പരിപാടികൾ ഗുസ്തി താരങ്ങളും കർഷകരും പ്രഖ്യാപിച്ചിട്ടുണ്ട്. സമരപ്രഖ്യാപനത്തെ തുടർന്ന് ഡൽഹി അതിർത്തികളിൽ പോലീസ് പരിശോധന കർശനമാക്കി.