‘എഐ കാമറ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതി’; ‘പിണറായി തമ്പുരാൻ’ കാര്യങ്ങൾ കൂടിയാലോചനയില്ലാതെ തീരുമാനിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
എഐ കാമറ അഴിമതി കേരളം കണ്ട ഏറ്റവും വലിയ അഴിമതിയെന്ന് രമേശ് ചെന്നിത്തല. വ്യവസായ വകുപ്പ് സെക്രട്ടറി സർക്കാർ പറയുന്ന പോലെ റിപ്പോർട്ട് നൽകാൻ ആദ്യം തയ്യാറായില്ലെന്നും പിന്നാലെ റവന്യൂ വകുപ്പിലേക്ക് മാറ്റിയെന്നും സർക്കാർ ആഗ്രഹിച്ച പോലെ റിപ്പോർട്ട് നൽകിയപ്പോൾ വീണ്ടും വ്യവസായ വകുപ്പിൽ നിയമനം നൽകിയെന്നും ചെന്നിത്തല ആരോപിച്ചു.
ദിവസങ്ങള്‍ക്കുള്ളില്‍ മൂന്നുതവണയാണ് മുഹമ്മദ് ഹനീഷിന്റെ സ്ഥാനമാറ്റങ്ങള്‍. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആദ്യം റവന്യൂ വകുപ്പിലേക്ക് മാറ്റിയ ഹനീഷിനെ അതിവേഗം തന്നെ ആരോഗ്യവകുപ്പിലേക്കും മാറ്റിയിരുന്നു. ഇന്ന് ഇറക്കിയ ഉത്തരവില്‍ മുഹമ്മദ് ഹനീഷിന് വ്യവസായ വകുപ്പിന്റെ അധിക ചുമതലയും നല്‍കി. എ.ഐ കാമറ ആരോപണത്തില്‍ സര്‍ക്കാര്‍ ആഗ്രഹിച്ച റിപ്പോര്‍ട്ട് നല്‍കിയപ്പോഴാണ് ഹനീഷിനെ വ്യവസായ വകുപ്പില്‍ തിരികെ കൊണ്ടുവന്നത് എന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഇതിന് കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നുവെന്നും വിമര്‍ശിച്ചു.
‘ഞങ്ങളുടെയൊക്കെ കാലത്ത് സെക്രട്ടറിമാരേയും കളക്ടർമാരേയുമൊക്കെ നിയമിച്ചുകൊണ്ടിരുന്നത് ക്യാബിനെറ്റിൽ ചർച്ച ചെയ്ത ശേഷമാണ്. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇപ്പോഴതെല്ലാം തമ്പുരാൻ തന്നെ തീരുമാനിക്കും എന്ന നിലയിലാണ്. കാരണം തമ്പുരാൻ തീരുമാനിച്ചാൽ ആരും എതിർപ്പ് പറയില്ലല്ലോ. അപ്പോൾ തമ്പുരാൻ കാര്യങ്ങൾ തീരുമാനിക്കുന്നു, മറ്റുള്ളവർ മൂളി കേൾക്കുന്നു. അതാണ് ഇക്കാര്യത്തിലും നടന്നിരിക്കുന്നത്’- ചെന്നിത്തല പറഞ്ഞു.
എന്ത് നാണംകെട്ട കളിയാണ് മുഖ്യമന്ത്രി കളിക്കുന്നതെന്നും വൈദഗ്ധ്യം ഇല്ലാത്ത കമ്പനിയായ അക്ഷരയെ എങ്ങനെ ടെണ്ടറിൽ ഉൾപ്പെടുത്തിയെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ചോദിച്ചു. സർക്കാരിന് നൽകിയ രേഖ പ്രകാരം 2017 ൽ രൂപീകൃതമായ കമ്പനിയാണ് അക്ഷര. ടെണ്ടർ നടപടികൾ വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടില്ല. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ഇതിന് കൂട്ടുനിൽക്കാൻ പാടില്ലായിരുന്നുവെന്നും പ്രസാഡിയോ കമ്പനിയെ വളർത്തിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കരങ്ങൾ ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.