Wednesday, April 16, 2025
National

പിതാവ് പണം നൽകിയില്ല; മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തി സാനിറ്റൈസർ ഉപയോഗിച്ച് കത്തിച്ചു; യുവാവ് പിടിയിൽ

മാതാപിതാക്കളെയും മുത്തശ്ശിയെയും കൊലപ്പെടുത്തി സാനിറ്റൈസർ ഉപയോഗിച്ച് കത്തിച്ച യുവാവ് പിടിയിൽ. ഛത്തീസ്ഗഡിലെ മഹാസമുന്ദ് ജില്ലയിലാണ് സംഭവം. 24കാരനായ ഉദിത് ബോയ് എന്നയാളെ ബുധനാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.

മെയ് 8ന് ആശുപത്രിയിലേക്ക് പോയ അച്ഛൻ പ്രഭാത് ബോയ് (53), അമ്മ ഝർണ (47) മുത്തശ്ശി സുലോചന (75) എന്നിവരെ കാണാനില്ലെന്ന് കാട്ടി മെയ് 12ന് ഉദിത് പൊലീസിൽ പരാതിപ്പെട്ടിരുന്നു. വീട്ടുകാരെ കാണാതായതിനു ശേഷം ഉദിത് പുതിയ കിടക്ക, അലമാര, എസി, മൊബൈൽ ഫോൺ തുടങ്ങിയ വീട്ടുസാമഗ്രികൾ വാങ്ങിയതായി അന്വേഷണത്തിനിടെ അയൽവാസികൾ പൊലീസിനു മൊഴിനൽകി. ജോലി കിട്ടാൻ എന്താണ് ചെയ്യേണ്ടതെന്ന് ഇയാൾ അന്വേഷിച്ചിരുന്നു എന്നും അയൽവാസികൾ പറഞ്ഞു. ഇതൊക്കെ സംശയമുളവാക്കി.

ഇതിനു പിന്നാലെ ഉദിതിൻ്റെ ഇളയസഹോദരനും റായ്പൂരിലെ എംബിബിഎസ് വിദ്യാർഥിയുമായ സഹോദരൻ വീട്ടിലെത്തിയപ്പോൾ വീട്ടിനു പിന്നിലെ പച്ചക്കറിത്തോട്ടത്തിൽ ചാരവും എല്ലിൻ്റെ അവശിഷ്ടങ്ങളും ഭിത്തിയിൽ രക്തക്കറയും കണ്ടെത്തി. തുടർന്ന് ഇയാൾ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ പൊലീസ് ഉദിതിനെ പിടികൂടി.

ചോദ്യം ചെയ്യലിൻ്റെ ആദ്യ ഘട്ടത്തിൽ ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് സത്യം പറഞ്ഞു. ലഹരി ഉപയോഗിക്കുന്നതിനെയും മറ്റും ചൊല്ലി മാതാപിതാക്കൾ തന്നെ പതിവായി ശകാരിച്ചിരുന്നു എന്ന് പ്രതി പറഞ്ഞു. മെയ് ഏഴിന് പണം ചോദിച്ചപ്പോൾ പിതാവ് നൽകിയില്ല. തുടർന്ന് ഇയാൾ പിതാവുമായി വഴക്കിട്ടു. പിറ്റേന്ന് പുലർച്ചെ ഇയാൾ മാതാപിതാക്കളെയും മുത്തശ്ശിയെയും ഹോക്കി സ്റ്റിക്ക് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മരക്കമ്പുകളും സാനിറ്റൈസറും ഉപയോഗിച്ച് മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞു. സംശയം ഉണ്ടാവാതിരിക്കാൻ പിതാവിൻ്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് മെസേജ് അയക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *