കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടം; പ്രിൻസിപ്പൽ ഇൻ ചാർജിനെ മാറ്റും
കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ എസ്എഫ്ഐ ആൾമാറാട്ടത്തിൻ്റെ പശ്ചാത്തലത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. ജി ജെ ഷൈജുവിനെ മാറ്റും. മറ്റന്നാൾ ചേരുന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തുടർനടപടികളിൽ തീരുമാനമുണ്ടാവും. നാളെ സിപിഐഎം ജില്ലാ കമ്മിറ്റി വിഷയം ചർച്ച ചെയ്യുമെന്നാണ് വിവരം.
എസ്എഫ്ഐ കാട്ടാക്കട ഏരിയാ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയെന്ന് എസ്എഫ്ഐ അറിയിച്ചിരുന്നു. കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തു വന്ന വാർത്ത ഗൗരവത്തോടെയാണ് കാണുന്നത്. തെരഞ്ഞെടുക്കപ്പെടാത്ത തന്റെ പേരാണ് കോളേജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ച UUC ലിസ്റ്റില് ഉള്ളത് എന്നറിവുണ്ടായിട്ടും അത് തിരുത്തുന്നതിനോ ഉത്തരവാദിത്വപ്പെട്ട ഇടങ്ങളിൽ അറിയിക്കുന്നതിനോ തയ്യാറാകാതിരുന്ന എസ്.എഫ്.ഐ കാട്ടാക്കട ഏരിയ സെക്രട്ടറി വിശാഖിനെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഘടകങ്ങളിൽ നിന്നും പുറത്താക്കാനാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്.
കേരളത്തിലെ കലാലയങ്ങളിൽ അനവധി പ്രതിബന്ധങ്ങളേയും അക്രമണങ്ങളെയും അതിജീവിച്ചു വിദ്യാർത്ഥിപക്ഷ രാഷ്ട്രീയമുയർത്തി നിരന്തരമായ പോരാട്ടങ്ങൾ കൊണ്ടാണ് ഇന്ന് എസ്.എഫ്.ഐ കേരളത്തിലെ ഏതാണ്ട് മുഴുവൻ കലാലയങ്ങളിലും വിജയത്തിന്റെ വെന്നി കൊടി പാറിച്ച് വിദ്യാർത്ഥി പിന്തുണയോടെ നിറഞ്ഞു നിൽക്കുന്നത്. അനേകം രക്തസാക്ഷിത്വങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തെ ഏതെങ്കിലും തരം സ്ഥാപിത താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താൻ ഒരു തരത്തിലും അനുവദിക്കില്ല.
ആൾമാറാട്ടത്തെ തുടർന്ന് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഈ മാസം 26നാണ് തെരെഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. വിസിയും രജിസ്ട്രാറും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന്റെ നോട്ടിഫിക്കേഷൻ ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
ഡിസംബർ 12നാണ് കോളജിൽ തെരഞ്ഞെടുപ്പ് നടന്നത്. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയും വിജയിച്ചു. എന്നാൽ കൗൺസിലർമാരുടെ പേരുകൾ കോളജിൽ നിന്ന് യൂണിവേഴ്‌സിറ്റിയിലേക്ക് അയച്ചപ്പോൾ അനഘയ്ക്ക് പകരം കോളജിലെ ഒന്നാംവർഷ വിദ്യാർത്ഥി എ വിശാഖിന്റെ പേരാണ് നൽകിയത്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണ് വിശാഖ്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിശാഖ് മത്സരിച്ചിരുന്നില്ല. വിശാഖിനെ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സ്ഥാനത്തേക്ക് എത്തിക്കാനുള്ള കൃത്രിമത്വമാണ് നടന്നതെന്നും കെഎസ്‌യു ആരോപിച്ചു.