‘കേരള കോൺഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി’; തിരുവഞ്ചൂർ
കേരള കോൺഗ്രസ് എമ്മിന് യുഡിഎഫിലേക്കുള്ള ക്ഷണം തുടർന്ന് യുഡിഎഫ് നേതാക്കൾ. കേരള കോൺഗ്രസ് എമ്മിനെ തിരികെ യുഡിഎഫിലെത്തിക്കാൻ മുൻകൈ എടുക്കേണ്ടത് മുന്നണി നേതൃത്വമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. എൽഡിഎഫിൽ കേരള കോൺഗ്രസ് പറയുന്ന കാര്യങ്ങൾ തിരസ്കരിക്കപ്പെടുകയാണെന്നും തിരുവഞ്ചൂർ പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്ത് മുന്നണിക്ക് പുറത്തു പോയവർ തിരികെ വരണമെന്ന് കെ മുരളീധരനും വ്യക്തമാക്കി.
കെ സുധാകരനും രമേശ് ചെന്നിത്തലക്കും പിന്നാലെയാണ് കുടുതൽ യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും കൂട്ടരേയും യുഡിഎഫിലേക്ക് തിരികെയെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്.
എൽഡിഎഫിൽ കേരള കോൺഗ്രസ് എം ഉൾപ്പടെയുള്ള പാർട്ടികൾക്ക് പരിഗണന കിട്ടുന്നില്ലെന്ന് പറഞ്ഞ തിരുവഞ്ചൂർ രാധാകൃഷ്ണൻ അവരെ യുഡിഎഫിലെത്തിക്കാൻ നേതൃത്വം മുൻകൈ എടുക്കണമെന്നും അഭിപ്രായപ്പെട്ടു.
ജോസ് കെ മാണി ഉൾപ്പടെയുള്ളവരെ തിരികെയെത്തിക്കണമെന്ന അഭിപ്രായമാണ് കെ മുരളീധരനും പങ്കുവെച്ചത്.തെറ്റിദ്ധാരണയുടെ പുറത്താണ് പലരും മുന്നണി വിട്ടത്. എല്ലാവരും തിരികെ വരണമെന്നാണ് പൊതുവികാരമെന്നും മുരളീധരൻ പറഞ്ഞു. തുടർ തീരുമാനങ്ങൾ പാർട്ടി ഒറ്റക്കെട്ടായി എടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, തൽക്കാലം യുഡിഎഫിലേക്കില്ലന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കേരള കോൺഗ്രസ് എം.