ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോൺഗ്രസ്, ചെന്നിത്തലയ്ക്ക് മറുപടി നൽകി റോഷി അഗസ്റ്റിൻ
കോട്ടയം : കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിലേക്ക് ക്ഷണിച്ച രമേശ് ചെന്നിത്തലയെ തള്ളി മന്ത്രി റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് (എം) യുഡിഎഫിലേക്കില്ലെന്നും എൽഡിഎഫിന് ഒപ്പം ഉറച്ച് നിൽക്കുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
‘യുഡിഎഫിലേക്ക് ക്ഷണിച്ചതിൽ സന്തോഷം. തൽക്കാലം എൽഡിഎഫിൽ തുടരാനാണ് തീരുമാനം. രാവിലെയും വൈകിട്ടുമായി നിലപാട് മാറ്റുന്നവരല്ല ഞങ്ങൾ. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം യുഡിഎഫിൽ നിന്നും പുറത്തു പോയതല്ല. യുഡിഎഫ് പുറത്താക്കിയതാണെന്ന് ഓര്‍മ്മിക്കണം’. ആ തീരുമാനം തെറ്റായിപ്പോയെന്ന് യുഡിഎഫ് മനസിലാക്കിയതിൽ സന്തോഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോസ് കെ മാണി യുഡിഎഫിലേക്ക് വന്നാൽ വല്ലതാണെന്ന് നേരത്തെ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ.