Tuesday, April 15, 2025
National

‘ഹിന്ദുക്കൾ നിലനിൽക്കുന്നിടത്തോളം രാജ്യം സുരക്ഷിതം’; അസം മുഖ്യമന്ത്രി

ഹിന്ദുക്കൾ നിലനിൽക്കുന്നിടത്തോളം രാജ്യം സുരക്ഷിതമാണെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മ. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് ഉടൻ വരുമെന്നും ഇന്ത്യയെ യഥാർത്ഥ മതേതര രാഷ്ട്രമാക്കാനുള്ള സമയമായെന്നും അസം മുഖ്യമന്ത്രി പറഞ്ഞു. തെലങ്കാനയിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏകതാ യാത്ര’യിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ തെക്കൻ കോട്ട തകർത്തതോടെ തെലങ്കാനയിലേക്ക് ചുവടുവെക്കാൻ തയ്യാറെടുക്കുകയാണ് ഭാരതീയ ജനതാ പാർട്ടി. അഞ്ച് മാസത്തിനുള്ളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് രാഷ്ട്രീയ ചൂട് ഉയർന്നിട്ടുണ്ട്. ഇതിനിടെയാണ് കളം പിടിക്കാനുള്ള ബിജെപിയുടെ ശ്രമം. സംസ്ഥാനത്തെ രാജഭരണം അവസാനിപ്പിച്ച് തെലങ്കാനയിൽ രാമരാജ്യം സ്ഥാപിക്കുമെന്ന് ഹിമന്ത ശർമ്മ ‘ഹിന്ദു ഏകതാ യാത്ര’യിൽ പറഞ്ഞു.

‘ഇന്ത്യയിൽ നാല് സ്ത്രീകളെ വരെ വിവാഹം കഴിക്കാമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാൽ ഇനി അത് നടക്കില്ല. ആ സമയമാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. ആ ദിവസം വിദൂരമല്ല. ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ പോകുകയാണ്, യഥാർത്ഥ അർത്ഥത്തിൽ രാജ്യത്തെ ഒരു മതേതര രാഷ്ട്രമാക്കാനുള്ള സമയവും അതിക്രമിച്ചിരിക്കുന്നു.’- ശർമ്മ പറഞ്ഞു.

‘കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം രാജ്യത്ത് ഹിന്ദുക്കളുടെ പേരിൽ ഇനിയൊന്നും സംഭവിക്കില്ലെന്ന് ചിലർ ടെലിവിഷനിൽ പറയുന്നത് കേട്ടു. സൂര്യനും ചന്ദ്രനും ഉള്ളിടത്തോളം ദേശീയതയും സനാതന ധർമ്മവും ഇന്ത്യയിൽ നിലനിൽക്കും. തെലങ്കാനയിലെ രാജഭരണത്തെ താഴെയിറക്കി സംസ്ഥാനത്ത് രാമരാജ്യം വരാൻ പോകുകയാണ്’-ശർമ്മ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *