Friday, January 10, 2025
National

വസുന്ധരാ രാജെയുമായി ഒത്തുകളിച്ചു: സച്ചിൻ പൈലറ്റിന്റെ ആരോപണം തള്ളി അശോക് ഗലോട്ട്

മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധരാ രാജെയുമായി ഒത്തുകളിച്ചുവെന്ന് സച്ചിൻ പൈലറ്റിന്റെ ആരോപണം തള്ളി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ട്. വസുന്ധരാ രാജെയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കുപ്രചരണം നടത്തുന്നവർ അപകടകാരികൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ വീഴാതിരിക്കാൻ വസുന്ധരാ രാജെ സഹായിച്ചെന്ന പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും ഗലോട്ട് പറഞ്ഞു.

ഇതേസമയം, രാജസ്ഥാൻ കോൺഗ്രസിലെ തർക്കത്തിൽ സച്ചിൻ പൈലറ്റിനെതിരെ കടുത്ത നടപടി ഉണ്ടായേക്കില്ല. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ഹൈക്കമാൻഡിന്റെ നിലപാട്. കർണാടകയിൽ സർക്കാർ രൂപീകരണം പൂർത്തിയാക്കിയതിനു ശേഷമാകും രാജസ്ഥാൻ പ്രതിസന്ധിയിൽ ഹൈക്കമാൻഡ് ചർച്ചയിലേക്ക് കടക്കുക. രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ് ജിന്ദർ സിംഗ് രൺധാവ, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്തസാര എന്നിവർ സമർപ്പിച്ച റിപ്പോർട്ട് ഹൈക്കമാൻഡിന് മുന്നിലുണ്ട്. കർണാടകയിൽ നേടിയ മികച്ച വിജയം, വരാനിരിക്കുന്ന മറ്റു നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആവർത്തിക്കാനുള്ള പ്രവർത്തനങ്ങളിലാണ് കോൺഗ്രസ്.

സച്ചിൻ പൈലറ്റിനെ പോലെയുള്ള മുതിർന്ന നേതാവിനെതിരെയുള്ള സംഘടന നടപടി തിരിച്ചടിയാകുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം. സച്ചിൻ പൈലറ്റിന്റെ യാത്ര വ്യക്തിപരമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി സുഖ്ജിന്ദർ സിംഗ് രൺധാവ പ്രതികരിച്ചു. അതേസമയം, അശോക് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് പ്രഖ്യാപിച്ച ജനസംഘർഷ യാത്ര നാലാം ദിവസവും പര്യടനം തുടരുകയാണ്. യാത്ര നാളെ ജയ്പൂരിൽ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *