ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് നന്ദി; ജനക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനം തുടരും; അമിത് ഷാ
കർണാടക പരാജയത്തിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനക്ഷേമത്തിനും വികസനത്തിനും വേണ്ടിയുള്ള പ്രവർത്തനം ഇനിയും തുടരും. ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു.
”ബി.ജെ.പി.ക്ക് ഇത്രയും വർഷം ജനങ്ങളെ സേവിക്കാൻ അവസരം നൽകിയതിന് കർണാടകയിലെ ജനങ്ങൾക്ക് എന്റെ ആത്മാർത്ഥമായ നന്ദി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ബി.ജെ.പി കർണാടകയിലെ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി തുടർന്നും പരിശ്രമിക്കും”- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ആഭ്യന്തരമന്ത്രി അമിത് ഷായിരുന്നു പ്രധാനമന്ത്രി അല്ലാതെ കർണാടകയിലെത്തിയ മറ്റൊരു പ്രധാന പ്രചാരകൻ. അമിത് ഷാ എത്തിയ 30 സീറ്റിൽ 20 ലും തോൽവിയേറ്റു വാങ്ങി. സംസ്ഥാനത്താകെ 9,125 റാലികളും 1,377 റോഡ് ഷോകളും ബിജെപി നടത്തി. ഇതിലെല്ലാം കർണാടകത്തിന് ആവശ്യം ‘ഡബിൾ എഞ്ചിൻ സർക്കാർ’ എന്നായിരുന്നു പ്രധാന മുദ്രാവാക്യം.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈ വർഷം ആദ്യം മുതൽ എട്ട് തവണയാണ് മോദി എത്തിയത്. വോട്ട് ലക്ഷ്യമിട്ട് വമ്പൻ പ്രഖ്യാപനങ്ങൾ നടത്തിയാണ് ഓരോ തവണയും മടങ്ങിയത്.