വീടിന് മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് ട്രാഫിക് പിഴ ഈടാക്കി; അന്വേഷിക്കണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനത്തിന് പിഴയിട്ട ട്രാഫിക് പൊലീസിൻ്റെ നടപടിയെക്കുറിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു. ട്രാഫിക് ഡപ്യൂട്ടി കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി നിർദേശം നൽകിയത്. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
ഏപ്രിൽ 4 ന് രാവിലെയാണ് വാഹന ഉടമയായ നേമം മൊട്ടമൂട് അനി ഭവനിൽ ആർ.എസ്.അനിക്ക് ട്രാഫിക് പൊലീസിൽ നിന്നും പിഴയുടെ വിവരം
മൊബൈൽ ഫോണിൽ എസ് എം എസ് ലഭിച്ചത്. ശാസ്തമംഗലം- പേരൂർക്കട റോഡിലൂടെ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലിരുന്നയാൾ ഹെൽമറ്റ് ധരിച്ചില്ലെന്നായിരുന്നു വിവരം. എന്നാൽ ഏപ്രിൽ 4 ന് താൻ വീട്ടിൽ തന്നെയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. വാഹനം വീട്ടിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു.
പിഴയ്ക്ക് ആധാരമായ ചിത്രത്തിൽ മറ്റൊരു നിറത്തിലുള്ള മറ്റൊരു വാഹനമാണ് ഉണ്ടായിരുന്നതെന്ന് പരാതിയിൽ പറയുന്നു. പടത്തിലെ ഹോണ്ട ആക്റ്റീവ സ്കൂട്ടറിൻ്റെ നമ്പർ വ്യക്തമല്ല. സിറ്റി പൊലീസ് കമ്മീഷണർക്കും ഡിസിപിക്കും പരാതി നൽകിയിട്ടും മറുപടി പോലും ലഭിച്ചില്ല. തെറ്റായ ചെല്ലാൻ റദ്ദാക്കണമെന്നാണ് പരാതിക്കാരൻ്റെ ആവശ്യം.