മണിപ്പൂരിൽ ചീഫ് സെക്രട്ടറിയെ മാറ്റി; വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും
ഇംഫാൽ: മണിപ്പൂരില്‍ സംഘർഷത്തിന് പിന്നാലെ ചീഫ് സെക്രട്ടറിയെ മാറ്റി. വിനീത് ജോഷി പുതിയ ചീഫ് സെക്രട്ടറിയാകും. കലാപ സാഹചര്യത്തിലാണ് നിയമനം. ചീഫ് വിജിലൻസ് കമ്മീഷണറായും വിനീത് ജോഷി പ്രവർത്തിക്കും. കേന്ദ്ര ഡെപ്യൂട്ടഷനിലായിരുന്നു വിനീത് ജോഷി. രാജേഷ് കുമാറായിരുന്നു നിലവിൽ മണിപ്പൂരിലെ ചീഫ് സെക്രട്ടറി.
അതേ സമയം, മണിപ്പൂർ സംഘർഷത്തിൽ ഇതുവരെ മരിച്ചത് 54 പേരെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ് ജില്ലാ ആശുപത്രി, ഇംഫാല്‍ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ജവഹർലാല്‍ നെഹ്റു മെഡിക്കല്‍ സയൻസ് ആശുപത്രികളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചുരാചന്ദ്പ്പൂരില്‍ നാലുപേർ മരിച്ചത് സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിലെന്നും റിപ്പോര്‍ട്ട്. ഒഴിപ്പിക്കലിനിടെ അക്രമം നടത്തിയവരാണ് മരിച്ചത്. സംഘർഷ മേഖലകളില്‍ സൈന്യത്തിന്‍റെ കാവല്‍ തുടരുകയാണ്.
ഭൂരിപക്ഷം വരുന്ന മെയ്തേയി സമുദായത്തിന് പട്ടികവർഗ പദവിക്ക് നൽകിയതിനെ ചൊല്ലി പ്രതിഷേധം ശക്തമായ മണിപ്പൂരില്‍ സംഘർഷം കനക്കുകയാണ്. സംഘർഷം രൂക്ഷമായ പ്രദേശങ്ങളില്‍ സൈന്യത്തെയും അസം റൈഫിള്‍സിനെയും വിന്യസിച്ചതായി മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി സംസാരിച്ചു.