എഐ ക്യാമറ വിവാദം ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പക; പ്രതിപക്ഷം കുട പിടിക്കുന്നു; മന്ത്രി ആന്റണി രാജു
എഐ ക്യാമറയിൽ വിവാദം ടെണ്ടർ നഷ്ടപ്പെട്ട വ്യവസായികളുടെ കുടിപ്പകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മാധ്യമങ്ങളോട്. അതിന് പ്രതിപക്ഷം കുട പിടിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്തിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ വിവാദം. മുഖ്യമന്തിക്ക് എതിരെ വ്യക്തിഹത്യയാണ് നടക്കുന്നത്. കോൺഗ്രസ്സ് ഫാക്റ്ററിയിലെ നുണക്കഥ പൊളിയും എന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിവാദങ്ങളിൽ പ്രതിപക്ഷം പ്രതിക്കൂട്ടിലാകുമെന്ന് ആന്റണി രാജു വ്യക്തമാക്കി. പ്രതിപക്ഷത്തെ ജനങ്ങൾ കൈകാര്യം ചെയ്യും. മുൻപ്രതിപക്ഷ നേതാവിന്റെ അവസ്ഥയാകും വി.ഡി സതീശന് എന്ന മുന്നറിയിപ്പും മന്ത്രി നൽകി. ക്യാമറയുടെ വിലയിൽ ഒരു കുഴപ്പവുമില്ല എന്നും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൻ ഇത് പറയുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
എഐ ക്യാമറ സ്ഥാപിക്കുന്നതിന് ഉപകരാർ എടുത്ത കമ്പനിയും സർക്കാരും തമ്മിൽ ബന്ധമില്ല. കമ്പനികൾ തമ്മിലുള്ള തർക്കം വ്യവസായ വകുപ്പ് അല്ല പരിഹരിക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക തർക്കം ഉണ്ടായിരുന്നെങ്കിൽ കോടതിയെ സമീപിക്കണമായിരുന്നു. പേപ്പർ കമ്പനികളാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. പദ്ധതിയെ തകർക്കാനുള്ള പാഴ് ശ്രമമാണ് നടക്കുന്നത്. കെൽട്രോൺ കരാർ കൊടുത്തതിൽ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. തിരുത്തേണ്ടവ ഉണ്ടെങ്കിൽ തിരുത്തും എന്നും അദ്ദേഹം വ്യക്തമാക്കി.