പുറമേ നോക്കിയാൽ പഴയ ടയറുകൾ വിൽക്കുന്ന കട, ഉള്ളിൽ സ്പിരിറ്റ് ഗോഡൗൺ; ഇടപ്പള്ളിയിൽ രണ്ട് പേർ കൂടി പിടിയിൽ
കൊച്ചി: ഇടപ്പള്ളി ഉണിച്ചിറയിൽ ഗോഡൗണിലെ രഹസ്യ അറയിൽ നിന്നും ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ട്
പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ ആകെ ആറ് പേർ പിടിയിലായി. അന്വേഷണം മൈസൂരുവിലേക്ക് വ്യാപിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഏപ്രിൽ 12 നാണ് ഉണിച്ചിറയിലെ ഗോഡൗണിലെ രഹസ്യ അറയിൽ നിന്ന് ആറായിരത്തിലധികം ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. പഴയ ടയറുകൾ വിൽക്കുന്ന കടയെന്ന വ്യാജേനയാണ് ഗോഡൗണിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഗോഡൗൺ വാടകയ്ക്കെടുത്ത മാവേലിക്കര സ്വദേശി അഖിൽ വിജയൻ, ഇയാളുടെ സഹായി അർജ്ജുൻ അജയൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. തൃശ്ശൂർ, കോട്ടയം , ഇടുക്കി ജില്ലകളിലായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ കാക്കനാട് നിന്നാണ് പിടികൂടിയത്.
നേരത്തെ അജിത്ത്, ഷാജൻ, നിബു സെബാസ്റ്റ്യൻ, തോമസ് ജോർജ്ജ് എന്നിവരും കേസിൽ പിടിയിലായിരുന്നു. മധ്യ കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണത്തിനായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നതെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. ലോറിയിൽ വൻ തോതിൽ സ്പിരിറ്റ് എത്തിച്ച് നൽകിയിരുന്നത് രാജ് മണികണ്ഠൻ എന്ന മൈസൂരു സ്വദേശിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾക്കായി അന്വേഷണം മൈസൂരുവിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അറസ്റ്റ് വരും ദിവസങ്ങളിൽ ഉണ്ടാകുമെന്ന് എക്സൈസ് എൻഫോഴ്സ്മെന്റ് അസി. കമ്മീഷണർ ബി ടെനിമോൻ വ്യക്തമാക്കി.