Saturday, April 19, 2025
National

ശാന്തി നികേതനിലെ ഭൂമി ഒഴിയണമെന്ന വിശ്വഭാരതി സര്‍വകലാശാല നോട്ടീസിനെതിരെ അമര്‍ത്യാ സെന്‍ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക്

ശാന്തി നികേതനിലെ ഭൂമി ശനിയാഴ്ചയ്ക്ക് മുന്‍പായി ഒഴിയണമെന്ന വിശ്വഭാരതി സര്‍വകലാശാലയുടെ നോട്ടീസിനെതിരെ കോടതിയെ സമീപിച്ച് നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. ഭൂമി കൈയേറിയതാണെന്ന് വിശദീകരിച്ച് സര്‍വകലാശാല നല്‍കിയ നോട്ടീസിനെതിരെയാണ് അമര്‍ത്യാ സെന്‍ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചത്. സര്‍വകലാശാലയുടെ 13 സെന്റ് ഭൂമി സെന്‍ കൈയേറിയെന്നായിരുന്നു ആരോപണം.

കൈയേറിയ ഭൂമിയില്‍ നിന്ന് അമര്‍ത്യാ സെന്‍ പോകാന്‍ തയാറായില്ലെങ്കില്‍ പുറത്താക്കുമെന്ന് കൂടി ചൂണ്ടിക്കാണിച്ചായിരുന്നു വിശ്വഭാരതി സര്‍വകലാശാലയുടെ നോട്ടീസ്. ജസ്റ്റിസ് ബിഭാസ് രഞ്ജന്‍ ഡെയുടെ ബെഞ്ചാണ് അമര്‍ത്യാ സെന്നിന്റെ ഹര്‍ജി പരിഗണിക്കുക.

1943 ഒക്ടോബറില്‍ അന്നത്തെ വിശ്വഭാരതി ജനറല്‍ സെക്രട്ടറി രതീന്ദ്രനാഥ ടാഗോര്‍ 1.38 ഏക്കര്‍ ഭൂമി 99 വര്‍ഷത്തെ പാട്ടത്തിന് തന്റെ പിതാവ് അശുതോഷ് സെന്നിന് നല്‍കിയെന്നാണ് ഹര്‍ജിയിലൂടെ സെന്‍ വാദിക്കുന്നത്. ശാന്തി നികേതനിലെ അധ്യാപകനായിരുന്നു അശുതോഷ് സെന്‍. തനിക്ക് ലഭിച്ച 99 വര്‍ഷത്തെ പാട്ടം അദ്ദേഹം അമര്‍ത്യ സെന്നിന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും ഹര്‍ജിയിലൂടെ സെന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഇതില്‍ 13 സെന്റ് കൈയേറിയതാണെന്നായിരുന്നു സര്‍വകലാശാലയുടെ വാദം.

ഒഴിപ്പിക്കല്‍ നോട്ടീസിനെതിരെ സെന്നിന്റെ വീടിന് മുന്നില്‍ സത്യഗ്രഹമിരുന്ന് പ്രതിഷേധിക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംസ്ഥാന മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സെന്നിന്റെ വസിതിയായ പ്രതീചി തകര്‍ക്കാന്‍ വന്നാല്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ ആദ്യം നില്‍ക്കുക താന്‍ ആയിരിക്കുമെന്നും മമത പറഞ്ഞിരുന്നു. ഏപ്രില്‍ 19നാണ് സെന്നിന് സര്‍വകലാശാല നോട്ടീസ് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *