ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കും; മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിന്റെ പേരിൽ ഓപ്പൺ സർവകലാശാല ആരംഭിക്കും
അനൗപചാരിക വിദ്യാഭ്യാസത്തിന്റെ പ്രയോക്താവും കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കുമായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കേരളത്തിലെ ആദ്യത്തെ ഓപ്പൺ സർവകലാശാല ഒക്‌ടോബർ രണ്ടിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊല്ലമാണ് സർവകലാശാലയുടെ ആസ്ഥാനം. നിലവിലെ നാല് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ്ഈ ഓപ്പൺ യൂണിവേഴ്‌സിറ്റി ആരംഭിക്കുക.
ഏതുപ്രായത്തിലുള്ളവർക്കും പഠിക്കാൻ അവസരം ലഭിക്കും. കോഴ്‌സ് പൂർത്തിയാക്കാതെ ഇടയ്ക്ക് പഠനം നിർത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകാനും ഓപ്പൺ യൂണിവേഴ്‌സിറ്റിക്ക് കഴിയും. ദേശീയ, അന്തർദേശീയ രംഗത്തെ പ്രഗൽഭരായ അധ്യാപകരുടെയും വിദഗ്ധരുടെയും ഓൺലൈൻ ക്ലാസുകൾ ഓപ്പൺ സർവകലാശാലയുടെ പ്രത്യേകതയായിരിക്കും. സർക്കാർ, എയ്ഡഡ് കോളജുകളിലെ ലാബുകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുതിയ സർവകലാശാലക്കായി പ്രയോജനപ്പെടുത്തും. പരമ്പരാഗത കോഴ്‌സുകൾക്ക് പുറമെ നൈപുണ്യ വികസന കോഴ്‌സുകളും ഓപ്പൺ സർവകലാശാല നടത്തും. ഇതിലൂടെ വിദ്യാഭ്യാസത്തിന്റെ ജനകീയവൽക്കരണ രംഗത്ത് വലിയ മാറ്റത്തിനാണ് തുടക്കമാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.