ഷിംലയിൽ ഏക കൗൺസിലർ ബിജെപിയിൽ ചേർന്നു; അതേ ഡിവിഷൻ തിരിച്ചുപിടിച്ച് സിപിഐഎമ്മിന്റെ തിരിച്ചടി
ഷിംലയിൽ ഏക മുനിസിപ്പൽ കോർപറേഷൻ കൗൺസിലർ ബിജെപിയിൽ ചേർന്നതിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിച്ച് സിപിഐഎം. ഹിമാചൽ പ്രദേശ് ഷിംല കോർപറേഷൻ തെരഞ്ഞെടുപ്പിലാണ് ബിജെപിക്കെതിരെ സിപിഐഎമ്മിന്റെ വിജയം. സിപിഐഎം സ്ഥാനാർത്ഥി വീരേന്ദർ താക്കൂർ ആണ് 78 വോട്ടുകൾക്ക് ജയിച്ചത്.
സമ്മർ ഹിൽ ഡിവിഷനിൽ നിന്നുള്ള കൗൺസിലർ ഷെല്ലി ശർമയാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ പുതിയ തെരഞ്ഞെടുപ്പിൽ പാർട്ടി കൂടുമാറ്റം പ്രതിഫലിക്കാതെ വിജയം സിപിഐഎമ്മിനൊപ്പം നിന്നു. മുനിസിപ്പൽ കോർപ്പറേഷൻ ഷിംലയിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 34 വാർഡുകളിൽ 24 എണ്ണം വിജയിച്ച കോൺഗ്രസ് വ്യക്തമായ ഭൂരിപക്ഷം നേടി. 9 സീറ്റിൽ മാത്രമായിരുന്നു ബിജെപിക്ക് വിജയം. വിജയിച്ച ബിജെപിക്ക് അധികാരം നിലനിർത്താനായില്ല, സിപിഐഎം ഒരു സീറ്റും നേടി.
ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 59 ശതമാനമാണ് ആകെ രേഖപ്പെടുത്തിയ പോളിങ്. 2017ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 12 വാർഡുകളിൽ മാത്രമാണ് വിജയിച്ചത്. അന്ന് ബിജെപി 17 വാർഡുകളും സ്വതന്ത്രർ നാല് വാർഡുകളും സിപിഐഎം ഒരു വാർഡിലും വിജയിച്ചിരുന്നു. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോർപറേഷൻ തിരിച്ചുപിടിക്കാൻ ശ്രമിച്ച കോൺഗ്രസും 2017ലെ വിജയം നിലനിർത്താൻ ശ്രമിച്ച ബിജെപിയും തമ്മിലായിരുന്നു പ്രധാനമത്സരം.
ഷിംല മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് പന്നാലെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്ക് നന്ദി പറയുന്നതായി ഹിമാചൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖുവും പ്രതികരിച്ചു.