കൊല്ലം ബൈപ്പാസിൽ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം
കൊല്ലം ബൈപ്പാസിൽ മങ്ങാട് ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം. പാലത്തിൽ വെച്ച് കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടർ അടക്കം രണ്ടു പേർ മരിച്ചു. മങ്ങാട് ബൈക്ക് അപകടത്തിൽപ്പെട്ട് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനും ജീവൻ നഷ്ടമായി.
മങ്ങാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. മരുമകൾ രേഷ്മ ചെറുമകൾ സാൻസ്കൃതി എന്നിവർക്ക് പരുക്കേറ്റു.
ചെറുമകളുടെ പരുക്ക് ഗുരുതരമാണ്. അമിതവേഗത്തിൽ എത്തിയ മറ്റൊരു കാർ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
ഹോമിയോപ്പതി മേഖലയിലെ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങി നെയ്യാറ്റിൻകരയിൽ നിന്ന് മടങ്ങിവരുമ്പോൾ ആയിരുന്നു ഡോക്ടർ അപകടത്തിൽപ്പെട്ട് മരിച്ചത്.മങ്ങാട് ഉണ്ടായ ബൈക്ക് അപകടത്തിൽ കൊല്ലം ജില്ലാ കളക്ടറുടെ ഓഫീസിലെ ജൂനിയർ റിസോഴ്സ് പേഴ്സൺ രഞ്ജിത്താണ് മരിച്ചത്. നിർമ്മാണത്തിലിരുന്ന ഓടയിൽ തട്ടി ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു എന്ന് സംശയിക്കുന്നു.