Sunday, April 13, 2025
Kerala

സംസ്ഥാനത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാല് മരണം

സംസ്ഥാനത്ത് ഇന്ന് വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു മരണം. തിരുവനന്തപുരം പാലോട് ബസും ബൈക്ക് കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. വാമനപുരം അമ്പലംമുക്കില്‍ നാഷണല്‍ പെര്‍മ്മിറ്റ് ലോറിയും ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് ഭാര്യ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയാണ് ഹോട്ടല്‍ ജീവനക്കാരി മരിച്ചത്.

രാവിലെ ഏഴരയോടെയാണ് തിരുവനന്തപുരം പാലോട് സ്വാമി മുക്കില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചത്. അമിത വേഗതയിലെത്തിയ ബൈക്ക് ബസിനടിയിലേക്ക് പാഞ്ഞുകയറുകയായിരുന്നു, 20 വയസുകാരനായ നവാസ്, 22 വയസുകാരന്‍ ഉണ്ണി എന്നിവരാണ് മരിച്ചത്. വാമനപുരത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് വന്ന സ്‌കൂട്ടറും എതിര്‍ ദിശയില്‍ നിന്ന് വന്ന നാഷണല്‍ പെര്‍മ്മിറ്റ് ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് വയ്യേറ്റ് സ്വദേശി ഷീബ മരിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂര്‍ ചുങ്കത്ത് ഹോട്ടലിലേക്ക് കോളജ് ബസ് പാഞ്ഞുകയറിയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഹോട്ടല്‍ ജീവനക്കാരി മങ്ങാട് സ്വദേശി സരളയാണ് ചികിത്സയ്ക്കിടെ മരിച്ചത്. തിരുവനന്തപുരം പൂവച്ചല്‍ യു.പി സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്‍ ഇമ്മാനുവലിന് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഗുരുതരമായി പരുക്കേറ്റു. സിമന്റ് കയറ്റിവന്ന ലോറി വിദ്യാര്‍ത്ഥിയുടെ കാലിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇമ്മാനുവല്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്

Leave a Reply

Your email address will not be published. Required fields are marked *