ഗുസ്തി താരങ്ങൾക്കെതിരെ പിടി ഉഷ നടത്തിയ പരാമർശം അപലപനീയം; ഷാനിമോൾ ഉസ്മാൻ
ഗുസ്തി താരങ്ങൾക്ക് എതിരെ പിടി ഉഷ നടത്തിയ പരാമർശം അപലപനീയമെന്ന് ഷാനിമോൾ ഉസ്മാൻ. കായിക രംഗത്തേക്ക് കടന്നു വരുന്ന പെൺകുട്ടികളെ ഭയപ്പെടുത്തുന്ന പ്രതികരണമാണ് പിടി ഉഷ നിന്നുണ്ടായതെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. സ്ത്രീ എന്ന നിലയിലുള്ള ഉത്തരവാദിത്തം പോലും ഉഷ നിർവഹിച്ചില്ല. പറഞ്ഞത് തിരുത്താൻ പിടി ഉഷ തയ്യാറാകണമെന്നും ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
ഇത്തരത്തിലുള്ള ഒരു പരാതി ലഭിക്കുമ്പോൾ പിടി ഉഷ പ്രതികരിക്കേണ്ടത് ഇപ്രകാരമായിരുന്നില്ല. പരാതിയെന്മേൽ എന്ത് കൊണ്ട് നടപടിയെടുക്കുന്നില്ല എന്ന് ശ്രദ്ധിക്കേണ്ടതായിരുന്നു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്വം നിർവഹിക്കാതെ കായിക താരങ്ങളെ അപമാനിക്കുന്ന അത്തരത്തിൽ നടത്തിയ പ്രസ്താവന അപലപനീയമാണെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി.
ഗുസ്തി താരങ്ങളുടെ തെരുവിലെ സമരം ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലുണ്ടാക്കിയെന്നും പ്രതിഷേധം അച്ചടക്കമില്ലായ്മക്ക് തുല്യമാണെന്നും പി ടി ഉഷ നടത്തിയ വിമർശനത്തിനെതിരെയായിരുന്നു ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. തെരുവിലെ സമരം കായിക മേഖലയ്ക്ക് ഗുണം ചെയ്യില്ലെന്നും സമരത്തിന് പോകും മുമ്പ് താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമെന്നുമായിരുന്നു പിടി ഉഷയുടെ പ്രതികരണം. താരങ്ങൾ നൽകിയ പരാതിയിലെ ആരോപണങ്ങൾ പരിശോധിക്കുന്ന സമിതിയുടെ റിപ്പോർട്ട് പുറത്തുവരുന്നതുവരെ കാത്തുനിൽക്കാത്തതിന് എതിരെയായിരുന്നു പിടി ഉഷയുടെ വിമർശനം.