Friday, January 10, 2025
Kerala

മോദിക്കെതിരെ പ്രതിഷേധം വന്നാൽ പിണറായിക്കാണ് ആശങ്ക മുഴുവൻ; കെ. സുധാകരൻ

ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം ഉയരുന്നതിൽ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന് എന്തിനാണിത്ര ആശങ്കയെന്ന് കെപിസിസി പ്രസിഡൻറ് കെ. സുധാകരന്റെ പരിഹാസം. മോദിയുടെ കേരള സന്ദ‍ർശനത്തിൻറെ ഭാഗമായി അതീവ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത് പോരാഞ്ഞിട്ടാണോ പിണറായി വിജയൻറെ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അനധികൃതമായി കരുതൽ തടങ്കലിൽ അടച്ചത്.

കൊച്ചിയിൽ ഡിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ള നിരവധി കോൺഗ്രസ് നേതാക്കളെയാണ് കൊച്ചുവെളുപ്പാംകാലത്ത് വീട്ടിൽ നിന്നും മറ്റും പിടികൂടി തടങ്കലിലാക്കിയത്. അതിനുതക്ക എന്തുകുറ്റകൃത്യമാണ് കോൺഗ്രസ് പ്രവർത്തകർ ചെയ്തത്. മോദി ഗോബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാൽ പിണറായി വിജയൻറെ പൊലീസ് ഓട്ടിച്ച് പിടിച്ച് ബിജെപി പ്രവർത്തകർക്ക് മർദ്ദിക്കാൻ ഇട്ടുകൊടുക്കുകയാണ്. മോദിയുടെ ജനാധിപത്യ വിരുദ്ധ ചെയ്തികളെ പരസ്യമായി ചോദ്യം ചെയ്യാനുള്ള ശേഷിപോലും സിപിഐഎമ്മിന് നഷ്ടമായി.

ജനാധിപത്യത്തിൽ പ്രതിഷേധിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. നിർഭാഗ്യവശാൽ മോദിക്കും പിണറായിക്കും പ്രതിഷേധക്കാരെ കാണുന്നത് ചതുർത്ഥിയാണ്. ഇരുവരും പുറത്തിറങ്ങിയാൽ പൊതുജനവും കോൺഗ്രസ് പ്രവർത്തകരും ബന്ദികളാണ്. മറ്റൊരു സംസ്ഥാനത്തേയും മുഖ്യമന്ത്രിമാർ കാട്ടാത്ത മോദി പ്രീണനമാണ് കേരള മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നത്.

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി അധ്യക്ഷനെയും സംഘപരിവാർ നേതാക്കളെയും രക്ഷിച്ച പിണറായി വിജയനും അദ്ദേഹത്തിൻറെ നട്ടെലില്ലാത്ത പോലീസും മോദിയെ സുഖിപ്പിക്കാനായി കോൺഗ്രസ് നേതാക്കളെ വേട്ടയാടാനാണ് ഭാവമെങ്കിൽ കെെയ്യും കെട്ടി നോക്കി നിൽക്കാനാവില്ല .അധികാര ഗർവ്വിൻറെയും കൈയ്യൂക്കിൻറെയും ബലത്തിൽ കോൺഗ്രസിനെ ഭയപ്പെടുത്താമെന്ന് കരുതുന്നെങ്കിൽ വ്യാമോഹം മാത്രമാണത്.

പൊലീസിൻറെ തിണ്ണമിടുക്ക് കാട്ടാനുള്ള ഗോദയല്ല കോൺഗ്രസ്. കോൺഗ്രസിൻറെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തിയാൽ അതിൽ നിന്നുണ്ടാക്കുന്ന പ്രതിഷേധാഗ്നി തടത്തുനിർത്താനുള്ള ശേഷി കേരളത്തിലെ പൊലീസിനോ സിപിഎം-ബിജെപി സഖ്യത്തിനോ ഉണ്ടാകില്ലെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *