സുഡാനില്‍ നിന്ന് സൗദിയിലെത്തിയ ഇന്ത്യക്കാർ ഉടൻ നാട്ടിലേക്ക്
ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനില്‍ നിന്ന് സൗദിയിലെത്തിയ ഇന്ത്യക്കാർ ഉടൻ നാട്ടിലേക്ക് തിരിക്കും. 66 ഇന്ത്യക്കാരെയാണ് സൗദി നാവിക സേന സൗദിയിലെത്തിച്ചത്. ഇന്ത്യക്കാരോട് ഇന്ത്യൻ വിദേശകാര്യ ഉദ്യോഗസ്ഥർ ആശയ വിനിമയം നടത്തി.
സൗദി പൗരൻമാർക്കൊപ്പം കടൽമാർഗമാണ് ഇന്ത്യൻ സംഘം ജിദ്ദയിൽ എത്തിയത്. ഇവരെ വിമാനമാർഗം ഇന്ത്യയിലെത്തിക്കും. സുഡാൻ തലസ്ഥാനമായ ഖാർത്തൂം ഏയർപോർട്ടിൽ കുടുങ്ങിയ സൗദി എയർലൈൻസ് വിമാനത്തിലെ ജീവനക്കാരെയും തിരികെയെത്തിച്ചു.
സുഡാൻ തലസ്ഥാനമായ ഖാർത്തൂം വിമാനത്താവളത്തിൽ സൗദി എയർലൈൻസ് വിമാനത്തിന് നേരത്തെ വെടിയേറ്റിരുന്നു. ഇതിലെ ജീവനക്കാർക്ക് ജിദ്ദ തുറമുഖത്ത് സ്വീകരണം നൽകി. ഇതേ വിമാനത്തിൽ യാത്ര ചെയ്യാനിരുന്നവരെയും കപ്പൽ മാർഗം രക്ഷപ്പെടുത്തി. സുഡാൻ സൈന്യത്തിന്റെ സഹായത്തോടെയായിരുന്നു സൗദിയുടെ രക്ഷാ ദൗത്യം.