കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവ് അറസ്റ്റിൽ
കിളിമാനൂരിൽ കഞ്ചാവ് ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് വില്പന നടത്തുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമേൽ മിന്ന് വളയിടം സൂര്യ വിലാസം വീട്ടിൽ ഹരികൃഷ്ണൻ ( 25) ആണ് അറസ്റ്റിലായത്. സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് ഇയാൾ പ്രധാനമായും കഞ്ചാവ് നൽകിയിരുന്നത്.
ആവശ്യക്കാർക്ക് കഞ്ചാവ് പൊതികളായി വിൽപ്പന നടത്തി വരുകയായിരുന്നു പ്രതി. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈ.എസ്.പി രാശിത്ത്, ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.
കിളിമാനൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. സനൂജ്, സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, രാജീ കൃഷ്ണ, ഷാഡോ ടീം അംഗങ്ങളായ അനൂപ്, സി.പി.ഒ വിനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതി മുൻപും പല കേസുകളിലും പ്രതിയായിരുന്നുവെന്നും, ഇയാൾക്കെതിരെ കോടതിയിൽ അറസ്റ്റ് വാറണ്ട് നിലവിലുണ്ടെന്നും ഇൻസ്പെക്ടർ സനൂജ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.