Saturday, March 8, 2025
Kerala

ബ്രഹ്മപുരം തീപിടിത്തം: പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു, കരാർ കമ്പനികൾക്കെതിരെ നടപടിയില്ല

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം സർക്കാർ പ്രഖ്യാപിച്ച മൂന്ന് അന്വേഷണങ്ങളും ഇഴയുന്നു. വീഴ്ച വരുത്തിയ കരാർ കമ്പനികൾക്കെതിരെ ഇതുവരെ നടപടി കൈകൊണ്ടില്ലെന്ന് മാത്രമല്ല കരാർ ലംഘനം നടത്തിയ സോണ്ട ഇൻഫ്രാടെക്ക് ബ്രഹ്മപുരത്ത് ബയോ മൈനിംഗ് തുടരുകയാണ്. ജൈവ മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെയും ഒരു നടപടിയും കൈകൊണ്ടിട്ടില്ല.കൊച്ചി നഗരവാസികളെ വിഷപ്പുക ശ്വസിപ്പിച്ചതിന് കാരണക്കാർ ആര് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല.

മാർച്ച് 2ന് ആണ് ബ്രഹ്മപുരത്ത് തീപിടിച്ചത്. തീയണച്ചത് മാർച്ച് 14നാണ്. ബ്രഹ്മപുരം തീപിടുത്തം ദേശീയ തലത്തിൽ തന്നെ വാർത്തയായതോടെ മുഖം രക്ഷിക്കാൻ സർക്കാർ പ്രഖ്യാപിച്ചത് മൂന്ന് അന്വേഷണങ്ങളാണ്. ഒന്ന് തീപിടുത്തത്തിലെ പൊലീസ് അന്വേഷണം, രണ്ട് അഴിമതിയും പ്ലാന്‍റിൽ വരുത്തിയ വീഴ്ചകളിലും വിജിലൻസ് അന്വേഷണം. മൂന്ന് മാലിന്യ സംസ്കരണവും പ്രവർത്തിച്ച രീതിയും പരിശോധിക്കാൻ വിദഗദ്ധ സംഘം. ഇതിൽ മൂന്നാമത്തെ സംഘത്തിന്‍റെ പ്രവർത്തനം തുടങ്ങാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല.

ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറെടുത്ത സോണ്ട ഇൻഫ്രാടെക്കിന്‍റെ ഗുരുതര വീഴ്ചകൾ തീപിടിത്തത്തിന് പിന്നാലെ പുറത്ത് വന്നിരുന്നു. ബയോമൈനിംഗിന് ശേഷം ബാക്കിവരുന്ന ആ‍ർഡിഎഫ് തീപിടുത്തത്തിന് മുന്നെ കൃത്യമായി മാറ്റിയില്ല എന്ന കോർപ്പറേഷൻ നോട്ടീസ് പുറത്തുവന്നിട്ടും നടപടിയുണ്ടായില്ല. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയിലും ബയോമൈനിംഗിലെ വീഴ്ചകൾ ഉയർത്തിക്കാട്ടിയിരുന്നു.

സോണ്ട ഇൻഫ്രാടെക്ക് ബയോമൈനിംഗിന് ഉപകരാർ നൽകി, കരാർ ലംഘനം നടത്തിയതിന്‍റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിട്ടും നടപടിയുണ്ടായില്ല. ജൈവ മാലിന്യ സംസ്കരണത്തിന് കരാർ എടുത്ത സ്റ്റാർ കണ്‍സ്ട്രക്ഷൻസിന്‍റെ വീഴ്ചകളിലും നടപടിയുണ്ടായിട്ടില്ല. ജൈവമാലിന്യം കൃത്യമായി സംസ്കരിക്കാത്തത് കാരണം രൂപപ്പെട്ട മീഥെയ്ൻ തീപിടുത്തത്തിന് ആക്കം കൂട്ടുകയും ചെയ്തു. കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പൊലീസ് അന്വേഷണം തീപിടുത്തം സ്വാഭാവികമായി സംഭവിച്ചതാണെന്ന നിഗമനത്തിൽ അവസാനിച്ച മട്ടാണ്.

Leave a Reply

Your email address will not be published. Required fields are marked *