നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രിംകോടതി
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരായാണ് പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിച്ചത്. പ്രതിക്ക് ഇപ്പോള്‍ ജാമ്യം നല്‍കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജി തള്ളിയത്.
ദിലീപ് താരപരിവേഷമുള്ളയാളായതിനാല്‍ വിചാരണ ഇനിയും നീണ്ടുപോകും. തന്നെ പ്രതിസ്ഥാനത്ത് ചേര്‍ത്തതുകൊണ്ട് എല്ലാവിധ വ്യക്തിസ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു, അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം. ഇതാണ് സുപ്രിംകോടതി തള്ളിയത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകണമെന്ന നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാകില്ലെന്ന ധാരണ മുന്‍വിധിയോടുകൂടിയുള്ളതാണെന്നും സുപ്രിംകോടതി വ്യക്തമാക്കി.
നേരത്തെ, പള്‍സര്‍ സുനിക്ക്, വിചാരണ വൈകുന്നുവെന്ന തോന്നലുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ പ്രതി സമീപിച്ചത്. എന്നാല്‍ അപേക്ഷ കോടതി തള്ളിയതോടെ പള്‍സര്‍ സുനി സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.