Saturday, October 19, 2024
National

നിരക്ഷരനായ രാജാവ് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു; മോദിക്കെതിരെ നാലാംക്ലാസുകാരന്‍ രാജാവിന്റെ കഥയുമായി കെജ്‌രിവാള്‍

നാലാം ക്ലാസുകാരന്‍ രാജാവിന്റെ കഥ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരോക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നിരക്ഷരനായ രാജാവ് രാജ്യത്ത് നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് കെജ്‌രിവാളിന്റെ വിമര്‍ശനം.

കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് നാലാം ക്ലാസുകാരനായ രാജാവിന്റെ കഥ പറഞ്ഞാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചത്. എംഎ
വരെ പഠിച്ചെന്ന് അവകാശപ്പെട്ടയാളുടെ വിവരങ്ങള്‍ തേടി ആര്‍ടിഐ കൊടുത്തപ്പോള്‍ ഇരുപത്തി അയ്യായിരം പിഴലഭിച്ചെന്നും രാജാവ് തുഗ്ലകിനെ പോലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയെന്നും കെജ്‌രിവാള്‍ പറഞ്ഞു.

കാര്‍ഷിക നിയമങ്ങളും നോട്ട് പിന്‍വലിക്കലുമടക്കം കഥയില്‍ ഉള്‍പ്പെടുത്തിയാണ് കെജ്‌രിവാളിന്റെ വിമര്‍ശനം. രാജ്യത്തെ സമ്പത്ത് സുഹ്യത്തിന് നല്‍കുന്നുവെന്നും, നികുതി ദാതാക്കളുടെ പണം ഊറ്റിയെടുത്ത് രാജാവിന്റെ സുഹൃത്ത് വിമാനത്താവളങ്ങളും തുറമുഖങ്ങളും സ്വന്തമാക്കി എന്നും കെജ്‌രിവാള്‍ പറഞ്ഞു.രാജ്യത്തെ ചെറിയൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കിയപ്പോള്‍ രാജാവ് അസ്വസ്ഥനായി മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി. ഒരു ദിവസം ജനങ്ങള്‍ രാജാവിനെ പുറത്താക്കി എന്നുപറഞ്ഞാണ് കെജ്‌രിവാള്‍ മോദിക്കെതിരായ കഥ അവസാനിപ്പിച്ചത്.

അതേസമയം ഡല്‍ഹി മദ്യനയ അഴിമതിയില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി നീട്ടി. ഇഡിയും സിബിഐയും രജിസ്റ്റര്‍ ചെയ്ത ഏപ്രില്‍ 29 വരെയും മെയ് ഒന്നു വരെയും ആണ് കസ്റ്റഡി നീട്ടിയത്.

Leave a Reply

Your email address will not be published.