Saturday, October 19, 2024
Sports

തുടർ തോൽവികളിൽ വലഞ്ഞ് ഡൽഹി; ബാംഗ്ലൂരിനോട് 23 റൺസിന് തോറ്റു

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി കാപ്പിറ്റൽസിന് തുടർച്ചയായ അഞ്ചാം തോൽവി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് 23 റൺസിന് തോറ്റു. 175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പോയൻറ് പട്ടികയിൽ ടീം അവസാന സ്ഥാനത്താണ്.

ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആർസിബിയാണ് ആദ്യം ബാറ്റ് ചെയ്തത്. പതിവ് പോലെ ഡു പ്ലെസി – കോലി സഖ്യത്തിന് മികച്ച തുടക്കം ഒരുക്കാനായി. അഞ്ചാം ഓവറില്‍ മിച്ചല്‍ മാര്‍ഷിന്റെ പന്തിലാണ് ഡു പ്ലെസി (22) മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ മഹിപാല്‍ ലോംറോറിനെ കൂട്ടുപിടിച്ച് കോലി സ്കോർ ചലിപ്പിച്ചു. 47 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ത്തത്.

ടൂര്‍ണമെന്റിലെ മൂന്നാം അര്‍ദ്ധ ശതകം തികച്ചതിന് പിന്നാലെ തന്നെ കോലി മടങ്ങി. 34 പന്തില്‍ ആറ് ഫോറും ഒരു സിക്സുമാണ് താരം നേടിയത്. 110-2 എന്ന ശക്തമായ നിലയില്‍ നിന്ന് ബാംഗ്ലൂര്‍ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു. ലോംറോര്‍ (26), മാക്സ്വല്‍ (24), ദിനേഷ് കാര്‍ത്തിക്ക് (0), ഹര്‍ഷല്‍ പട്ടേല്‍ (6) എന്നിവര്‍ രണ്ട് ഓവറിനിടെ മടങ്ങി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ അനുജ് റാവത്ത് 22 പന്തിൽ നിന്ന് 15 റൺസ് നേടി. അവസാന ഘട്ടത്തിൽ ആ മെല്ലപ്പോക്കാണ് ആർസിബി സ്കോർ 174ൽ എത്തിച്ചത്.

175 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് ആദ്യ ഓവറില്‍ അടിച്ചു കളിച്ചു. പൃഥ്വി ഷാ റൺഔട്ട് ആയതിന് പിന്നാലെ ഡൽഹിയുടെ പതനം ആരംഭിച്ചു. മിച്ചല്‍ മാര്‍ഷ് (0), യാഷ് ദുള്‍ (1), ഡേവിഡ് വാര്‍ണര്‍ (19), അഭിഷേക് പോറല്‍ (5), അക്സര്‍ പട്ടേല്‍ (21) എന്നിവര്‍ പരാജമായി മാറി. മനീഷ് പാണ്ഡെ മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചു നിന്നത്. 38 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും ഉള്‍പ്പടെ 50 റണ്‍സാണ് താരം നേടിയത്. ബാംഗ്ലൂരിനായി കന്നി മത്സരത്തിനിറങ്ങിയ വിജയ് കുമാര്‍ വൈശാഖ് മൂന്നും മുഹമ്മദ് സിറാജ് രണ്ടും വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published.