Thursday, January 23, 2025
Kerala

വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതി; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു

മന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാർ കസ്റ്റഡിയിലെടുത്തു. അടൂരിൽ നിന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഓർത്തഡോക്സ് സഭ അംഗവുമായ ഏബൽ ബാബു എന്നയാളുടെ കാറാണ് കസ്റ്റഡിയിലെടുത്തത്. ഇയാൾ ഓർത്തഡോക്സ് സഭയുടെ യുവജനപ്രസ്ഥാനത്തിലെ അംഗമാണ്.

ഏബൽ ബാബുവിന്റെ കാറിലാണ് മന്ത്രിക്കെതിരായ പോസ്റ്റർ ഒട്ടിക്കാൻ പോയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി പൊലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ മണിക്കൂറോളം വാക്കേറ്റം ഉണ്ടായിരുന്നു. പത്തനംതിട്ട പൊലീസ് ആണ് അടൂർ എത്തി കാർ കസ്റ്റഡിയിലെടുത്തത്.

സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം’ എന്നായിരുന്നു പോസ്റ്റർ. പത്തനംതിട്ടയിലെ വിവിധ ഓർത്തഡോക്സ് പള്ളികളുടെ മുന്നിലാണ് പോസ്റ്റർ പതിച്ചിരുന്നത്. ‘ഓർത്തഡോക്സ് യുവജനം’ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഈ മാസം 1ന് അർദ്ധരാത്രിയിലാണ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്.

ഓർത്തഡോക്സ് യുവജനം എന്നൊരു പ്രസ്ഥാനം ഇല്ല എന്ന് മന്ത്രി വീണ ജോർജ് പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ആര് തന്നെ പിന്തുണച്ചു എന്നും ആര് പിന്തുണച്ചില്ല എന്നതും നാട്ടുകാർക്ക് അറിയാം. ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ നേരിട്ടു അറിയിക്കാമെന്നും വീണാ ജോർജ് 24നോട് പ്രതികരിച്ചു.

രാത്രിയുടെ മറവിൽ പോസ്റ്റർ ഒട്ടിക്കുകയല്ല വേണ്ടത്. താൻ മത്സരിച്ച മുൻ തെരഞ്ഞെടുപ്പുകളിലും വ്യാജ പ്രചരണം ധാരാളം ഉണ്ടായി. ഓർത്തഡോക്സ് സഭ വീണാ ജോർജിനെതിരെ എന്ന് നേരത്തെയും ചില കേന്ദ്രങ്ങൾ പ്രചരിപ്പിച്ചു. തനിക്കെതിരായ വ്യാജ പ്രചരണത്തിൽ ചില മാധ്യമങ്ങൾക്കും പങ്കുണ്ടെന്ന് വീണാ ജോർജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *