ബാഗ് നഷ്ടപ്പെട്ടത് അബദ്ധത്തിൽ; ഷാരൂഖ് കേരള പൊലീസിനോട്
എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസ് അന്വേഷണത്തിൽ നിർണായകമായ ബാഗ് നഷ്ടമായത് അബദ്ധത്തിലെന്ന് ഷാറൂഖ് സൈഫി കേരള പൊലീസിന് മൊഴി നൽകി. പേരും സ്ഥലപ്പേരും മൊബൈൽ ഫോണും വിവരങ്ങൾ അടങ്ങുന്ന നോട്ട് ബുക്കും മറ്റ് തെളിവുകളും അടങ്ങുന്ന ബാഗ് ലഭിച്ചതാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. ഈ ബാഗിലാണ് ട്രെയിനിൽ തീ വെക്കുന്നതിന് കൊണ്ട് വന്ന പെട്രോൾ സൂക്ഷിച്ചിരുന്നത്. കംമ്പാർട്ട്മെന്റിലെ വാതിലിന് സമീപം ബാഗ് സൂക്ഷിച്ച ശേഷം ബാഗിൽ ഉണ്ടായിരുന്ന പെട്രോൾ കുപ്പികൾ പുറത്തു എടുത്തു എന്ന് പ്രതി അറിയിച്ചു. ഈ പെട്രോൾ ട്രെയിനിലും മറ്റ് ആളുകൾക്ക് നേരെയും ഒഴിച്ചാണ് ഷാരൂഖ് തീ കൊളുത്തിയത്.
എന്നാൽ, ആളുകൾ തലങ്ങും വിലങ്ങും ഓടിയപ്പോൾ കാല് തട്ടി ബാഗ് പുറത്തേക്ക് വീണത് ആകാമെന്നും ഷാറൂഖിന്റെ മൊഴി നൽകി. കംമ്പാർട്ട്മെന്റിലെ ഫുട്ട്ബോഡിൽ ഇരുന്ന് ഉറങ്ങുന്നതിനിടെ താൻ പുറത്തേക്ക് വീഴുകയായിരുന്നു എന്നും ഷാരൂഖ് പറഞ്ഞു. ഇനിയുമേറെ വിവരങ്ങൾ ഷാരൂഖിൽ നിന്ന് ലഭിക്കാനുണ്ട്. നിർണായകമായ ചോദ്യങ്ങൾക്ക് ഷാരൂഖ് ഇതുവരെ മറുപടിയൊന്നും പറഞ്ഞിട്ടില്ല എന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പല ചോദ്യങ്ങൾക്കും പ്രതി നിസ്സഹരണം പുലർത്തുന്നുണ്ടെന്നും മറ്റ് ചിലതിന് തെറ്റിദ്ധരിപ്പിക്കുന്ന മറുപടികൾ നൽകുന്നതായും പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിശദമായ ചോദ്യം ചെയ്യലിന് പ്രതിയെ വിട്ടുകിട്ടിയാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കു. അതിനാലാണ് ഇന്ന് തന്നെ കസ്റ്റഡി അപേക്ഷ നൽകാൻ ശ്രമിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
ഷാരൂഖിന്റെ പരുക്കുകൾ നിസ്സാരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കി. ദേഹമാസകലം കാണപ്പെട്ട ഉരഞ്ഞ പാടുകൾ ട്രെയിനിൽ നിന്ന് ചാടിയപ്പോഴുണ്ടായതെന്ന് നിഗമനത്തിലാണ് അധികൃതർ. കണ്ണിലുണ്ടായ നീരും ഈ ഉരച്ചിലിന് ഇടയിൽ ഉണ്ടായതാണ്. സാരമായ പരുക്കോ പ്രതിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയോ ഷാരുഖിന് ഇല്ലെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത് എന്നും അവർ അറിയിച്ചു.
ഇതിനിടെ, ഷാരുഖ് സൈഫിയുടെ കേരളത്തിലേക്കുള്ള യാത്ര ദുരൂഹമെന്ന നിലപാടിലുറച്ച് ഡൽഹി പൊലീസ്. സമ്പർകാന്തി എക്സ്പ്രെസ്സിൽ കേരളത്തിലേക്ക് പോയെന്നും തിരികെ മടങ്ങാൻ ശ്രമിച്ചെന്നുമായ വിഷയങ്ങൾ പരിശോധിച്ചാണ് ഡൽഹി പൊലീസ് ഈ നിലപാടിൽ എത്തിയത്. ഇയാൾ ഒരു ഘട്ടത്തിലും മുൻപ് കേരളത്തിലേക്ക് പോയിട്ടില്ലെന്ന കുടുംബത്തിന്റെ വാദത്തോട് പൊലീസിന് യോജിക്കാനും സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട ഡൽഹി പൊലീസ് ലഭിച്ച വിവരങ്ങൾ പരിശോധിച്ചപ്പോൾ ഷാരൂഖ് സൈഫി ഡൽഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയെന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.