വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി
മലപ്പുറം: വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തി. കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്നാണ് ബാഗ് കണ്ടെത്തിയത്. സുബീറയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ സുബീറയുടെ ബാഗ് അന്വേഷണസംഘം കണ്ടെത്തുകയായിരുന്നു.
സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി. ഈ മൊബൈലിലേക്ക് സുബീറയുടെ ബന്ധുക്കളും ക്ലിനിക്കിൽ നിന്നും വിളിച്ചപ്പോൾ ആദ്യം ബെല്ലടിക്കുകയും പിന്നീട് ഫോൺ ഓഫാകുകയുമായിരുന്നു.
കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന നാട്ടുകാരുടെ സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. പൊലീസിനും ആക്ഷൻ കമ്മറ്റിക്കുമൊപ്പം ആദ്യഘട്ടം മുതൽ കൂടെയുണ്ടായിരുന്ന അൻവർ ചില സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനെ കാര്യമായി എതിർത്തതോടെയാണ് അന്വേഷണസംഘം ഇയാളെ നിരീക്ഷണത്തിലാക്കിയത്. പിന്നീട് പലതവണ നടന്ന ചോദ്യം ചെയ്യലുകളിൽ സഹകരിക്കാതിരുന്നെങ്കിലും ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. സുബീറയുടെ സ്വർണം കൈക്കലാക്കുന്നതിനായി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി.