സൗഹൃദ മത്സരത്തിനിടെ ‘നോ ബോൾ’ വിളിച്ച അമ്പയറെ കുത്തി കൊന്നു; 4 പേർ അറസ്റ്റിൽ
ക്രിക്കറ്റ് മത്സരത്തിനിടെ നോ ബോൾ വിളിച്ച അമ്പയറെ ഫീൽഡിംഗ് ടീം കുത്തിക്കൊന്നു. ഞായറാഴ്ച ഒഡീഷയിലെ കട്ടക്കിൽ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. 22 കാരനായ ലക്കി റൗട്ടിനെ ബാറ്റും കത്തിയും ഉപയോഗിച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അണ്ടർ 18 ടീമുകൾ തമ്മിലുള്ള സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. റിപ്പോർട്ടുകൾ പ്രകാരം ബ്രഹ്മപൂർ, ശങ്കർപൂർ എന്നീ രണ്ട് ടീമുകൾ തമ്മിലായിരുന്നു മത്സരം. കളി നിയന്ത്രിച്ചിരുന്ന ലക്കി റൂട്ട് ഒരു പന്തിനെ നോ ബോൾ വിളിച്ചു. തുടർന്ന് ലക്കിയും ഫീൽഡിംഗ് ടീമും തമ്മിൽ തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം രൂക്ഷമായപ്പോൾ ബാറ്റും കത്തിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയിൽ എസ്സിബി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ലക്കി ചികിത്സയ്ക്കിടെ മരിച്ചു. നാട്ടുകാർ ഇടപെട്ട് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ കട്ടക്ക് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.