ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ കുറവ്
സംസ്ഥാനത്ത് ശ്വാസകോശ കാന്‍സര്‍ ബാധിച്ച് ചികില്‍സ തേടുന്നവരുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. ആര്‍.സി.സിയിലെ റജിസ്ട്രി അനുസരിച്ച് പ്രതിവര്‍ഷം ചികില്‍സ തേടുന്നവരുടെ എണ്ണം ആയിരത്തിനു താഴെയെത്തി. പുകവലി കുറഞ്ഞതാണ് ശ്വാസകോശ കാന്‍സര്‍ ബാധിതരുടെ എണ്ണത്തില്‍ കുറവ് വരാൻ പ്രധാന കാരണമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെട്ടു
2015 – 2016 കാലയളവില്‍ ആര്‍ സി സി യില്‍ ചികില്‍സ തേടിയ ശ്വാസകോശ അര്‍ബുദ ബാധിതരുടെ എണ്ണം 1228 ആയിരുന്നു. തുടര്‍ന്നുളള രണ്ടു വര്‍ഷങ്ങളില്‍ 1225 ആയും 1182 ആയും രോഗികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചു. 2018 – 19 ല്‍ 1059 , 2019 – 20 ല്‍ 1041 എന്നിങ്ങനെയാണ് കണക്കുകള്‍.
2021 ലെ കണക്കനുസരിച്ച് രോഗികളുടെ എണ്ണം 832 ആയിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് രോഗം കണ്ടു പിടിക്കാനുളള സൗകര്യങ്ങള്‍ കൂടിയപ്പോഴും ശ്വാസകോശ അര്‍ബുദ ബാധിരുടെ എണ്ണത്തില്‍ കുറവ് കാണിക്കുന്നത് സംസ്ഥാനത്തിന്റെ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ പ്രതീക്ഷ നൽകുന്നുണ്ട്.