Friday, January 10, 2025
Kerala

‘കോടതി നിയമനിര്‍മാണ സമിതിയല്ല’; ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്ന ഹര്‍ജി തള്ളി

ആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കേരള ഹൈക്കോടതി. കോടതി നിയമനിര്‍മാണ സമിതി അല്ലെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. സാംസ്‌കാരിക സംഘടനയായ നോണ്‍ റിലിജിയന്‍സ് സിറ്റിസണ്‍സ് (എന്‍ആര്‍എസി) ആണ് പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചത്.

എന്നാല്‍ ഹര്‍ജിക്കാര്‍ അവരുടെ വാദങ്ങളെ പിന്തുണയ്ക്കാന്‍ മാധ്യമവാര്‍ത്തകളെയാണ് ആശ്രയിക്കുന്നതെന്നും അത്തരമൊരു ഹര്‍ജി നിലനിര്‍ത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. രേഖകളില്‍ കാണിച്ചിട്ടുള്ള ഘടകങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് ഹര്‍ജിക്കാര്‍ അവരുടെ കേസ് സാധൂകരിച്ചിട്ടില്ലെന്നും കോടതി ഒരു നിയമ നിര്‍മാണ സ്ഥാപനമല്ലെന്നും ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍ നിയമനിര്‍മ്മാണത്തിന് ജുഡീഷ്യറിക്ക് അധികാരമില്ലെങ്കിലും അധികാരപരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജീവേഷ് ആണ് കോടതിയില്‍ ഹാജരായത്. ഭരണഘടനയുടെ സംരക്ഷകനെന്ന നിലയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ സ്റ്റേറ്റ് മെഷിനറി പരാജയപ്പെട്ടാല്‍ കോടതികള്‍ വിഷയത്തില്‍ ഇടപെടാന്‍ ബാധ്യസ്ഥരാണെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *