Sunday, April 13, 2025
National

2017-ൽ മോദിയുടെ ചിത്രം കീറിയെറിഞ്ഞ കോൺഗ്രസ് എംഎൽഎയ്ക്ക് 99 രൂപ പിഴ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം കീറിയ എംഎൽഎയ്ക്ക് പിഴ ശിക്ഷ വിധിച്ച് കോടതി. ഗുജറാത്തിലെ നവസാരിയിലെ കോടതിയാണ് കോൺഗ്രസ് എംഎൽഎ അനന്ത് പട്ടേലിന് ശിക്ഷ വിധിച്ചത്. വിദ്യാർത്ഥി പ്രതിഷേധത്തിനിടെ കാർഷിക സർവ്വകലാശാല വൈസ് ചാൻസലറുടെ ചേംബറിൽ കയറി നരേന്ദ്ര മോദിയുടെ ഛായാചിത്രം വലിച്ചുകീറിയെന്നാണ് ആരോപണം. കോൺഗ്രസ് എംഎൽഎയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയ കോടതി ശിക്ഷയായി 99 രൂപ പിഴയടക്കാൻ ഉത്തരവിട്ടു.

അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വി.എ ധദാലിന്റെ ബെഞ്ചാണ്, വൻസ്‌ഡ സീറ്റിൽ നിന്നുള്ള എംഎൽഎ അനന്ത് പട്ടേലിനെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 447-ാം വകുപ്പ് പ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പട്ടേലടക്കം കേസിലെ മൂന്ന് പ്രതികൾ ക്രിമിനൽ അതിക്രമത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 99 രൂപ പിഴയായി കെട്ടിവയ്ക്കാൻ ഉത്തരവിട്ടു. പിഴയടച്ചില്ലെങ്കിൽ ഏഴുദിവസം തടവ് അനുഭവിക്കണം.

വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനിടെ നവസാരി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ ഓഫീസിൽ കയറി മോശമായി പെരുമാറുകയും വിസിയുടെ മേശപ്പുറത്ത് വച്ചിരുന്ന പ്രധാനമന്ത്രി മോദിയുടെ ചിത്രം കീറുകയും ചെയ്തുവെന്നാണ് അനന്ത് പട്ടേലടക്കമുള്ളവർക്കെതിരെയുള്ള ആരോപണം. പട്ടേലിനും യൂത്ത് കോൺഗ്രസ് അംഗങ്ങളുൾപ്പെടെ മറ്റ് ആറ് പേർക്കുമെതിരെ ഐപിസി സെക്ഷൻ 143, 353, 427, 447, 504 എന്നിവ പ്രകാരമാണ് ജലാൽപൂർ പൊലീസ് കേസെടുത്തിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *