താരങ്ങൾ ഒപ്പിട്ട മോദിയുടെ ചിത്രം മോദിക്ക് നൽകി ജയ്ഷാ
ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിക്കുന്നതിന് മുന്നോടിയായി താരങ്ങൾ ഒപ്പിട്ട നരേന്ദ്ര മോദിയുടെ ചിത്രം മോദിക്ക് കൈമാറി ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി സ്റ്റേഡിയത്തിൽ സന്ദർശനത്തിനെത്തിയ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനും സ്വന്തം ചിത്രം തന്നെ കൈമാറിയിട്ടുണ്ട്. ബിസിസിഐ പ്രസിഡന്റ് റോജർ ബിന്നിയാണ് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്ക് ചിത്രം കൈമാറിയത്.
എന്നാൽ, വിഷയത്തിൽ നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് രംഗത്ത് എത്തിയിട്ടുണ്ട്. “നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നരേന്ദ്രമോദിയുടെ സുഹൃത്തിന്റെ മകൻ നരേന്ദ്ര മോദിയുടെ ചിത്രം നരേന്ദ്ര മോദിക്ക് സമ്മാനിക്കുന്നു.” എന്നാണ് ട്വിറ്ററിലൂടെ കോൺഗ്രസ് പ്രതികരിച്ചത്. ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ ലാപ് ഓഫ് ഓണർ നടത്തുന്നത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.
പരമ്പരയിലെ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ 2-1ന് ഇന്ത്യ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ മത്സരത്തിൽ ജയിച്ചെങ്കിൽ മാത്രമേ ഓസീസിന് പരമ്പരയിൽ പരാജയപ്പെടാതിരിക്കാൻ കഴിയൂ. എന്നാൽ, ഇന്ത്യക്ക് സമനില മതി. കളിയിൽ ഒസ്ട്രേലിയ പിടിമുറുക്കുകയാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസ് ചായയുടെ ഇടവേളക്ക് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തിട്ടുണ്ട്. ട്രാവിസ് ഹെഡ് (32), മാർനസ് ലബുഷെയ്ൻ (3) എന്നിവർ പുറത്തായപ്പോൾ ഉസ്‌മാൻ ഖവാജ (63), സ്റ്റീവ് സ്‌മിത്ത് (36) എന്നിവർ ക്രീസിൽ തുടരുകയാണ്.