Friday, January 10, 2025
National

അമൃത്പാൽ സിം​ഗ് നേപ്പാളിലേക്ക് കടന്നതായി സൂചന; സംരക്ഷണം നൽകരുതെന്ന് നേപ്പാളിനോട് ഇന്ത്യ

ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനായി പൊലീസ് തെരച്ചിൽ തുടരുന്നതിനിടെ ഇയാൾ നേപ്പാളിലേക്ക് കടന്നതായി റിപ്പോർട്ട്. അമൃത്പാൽ സിംഗിന് സംരക്ഷണം നൽകരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടു. മറ്റൊരു രാജ്യത്തേക്ക് കടക്കാൻ അനുവദിക്കരുതെന്നും ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെടാനിരിക്കുകയാണ്. കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി വഴിയാണ് ഇന്ത്യ ഇക്കാര്യം ആവശ്യപ്പെട്ടത്.

ദേശ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത അമൃത് പാൽ സിങ്ങിന്റ ബന്ധു അടക്കം 7 പേരെ കൂടി അസമിലെ ദിബ്രുഗഡ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 4 പ്രതികളെ ഞായറാഴ്ച ദിബ്രു ഗഡിൽ എത്തിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഇന്ദിരാഗാന്ധിയുടെ ഗതി വരും എന്ന ഒറ്റ പ്രഖ്യാപനം കൊണ്ടാണ് അമൃത് പാല്‍ സിങ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞത്. അതിനു മുന്‍പ് ലണ്ടനിലെ ഇന്ത്യന്‍ ഹൈ കമ്മിഷനിലും സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രതിഷേധിച്ചതും ഇതേ സംഘമാണ്. അവര്‍ വിളിച്ചത് അമൃത് പാല്‍ സിങ് സിന്ദാബാദ് മുദ്രാവാക്യങ്ങളാണ്. പോയ ദിവസങ്ങളില്‍ രണ്ടാം ഭിന്ദ്രന്‍ വാലയെന്നും ഇന്ത്യന്‍ ബിന്‍ ലാദന്‍ എന്നും അമൃത്പാൽ സിംഗിന് വിളിപ്പേരുണ്ട്.

അമൃത് പാല്‍ സിങ്ങിനെ അറസ്റ്റ് ചെയ്യുന്നതോടെ സംഘടന ദുര്‍ബലമാകുമോ എന്നാണ് ചോദ്യങ്ങളുയരുന്നത്. പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് വലിയ രാജ്യാന്തര പിന്തുണയുള്ള ഒരു കൂട്ടം ആളുകള്‍ മുന്നില്‍ നിര്‍ത്തിയ മുഖം മാത്രമാണ് അമൃത്പാല്‍ സിങ്. ഓസ്‌ടേലിയയിലും ലണ്ടനിലും ഒക്കെയാണ് സംഘടനയുടെ വേരുകള്‍. ദീപ് സിദ്ദു പോയപ്പോള്‍ അമൃത് പാല്‍ വന്നതുപോലെ ഇനിയും കൃപാണുമായി പലരും ഉയിര്‍ത്തെഴുനേല്‍ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *