‘മോദിക്ക് അദാനിയുമായി എന്താണ് ബന്ധം ? ഇത് ചോദിക്കാൻ ഭയമില്ല; ജയിലിലടച്ച് എന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ട’ : രാഹുൽ ഗാന്ധി
മോദിക്ക് അദാനിയുമായി എന്താണ് ബന്ധമെന്ന് ചോദിക്കാൻ തനിക്ക് ഭയമില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യനാക്കി, ജയിലിലടച്ച് തന്നെ നിശബ്ധനാക്കാൻ കഴിയുമെന്ന് കരുതേണ്ടെന്നും രാഹുൽ ഗാന്ധി തുറന്നടിച്ചു. താൻ ഒന്നിനോടും ഭയപ്പെടുന്നവനല്ലെന്നും രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.
‘ കുറച്ച് ആഴ്ചകൾക്ക് മുൻപ് പാർലമെന്റിൽ പ്രധാനമന്ത്രിയോട് ഞാൻ കുറച്ച് കാര്യങ്ങൾ ചോദിച്ചിരുന്നു. അദാനിയുടെ പേരിലുള്ള ഷെൽ കമ്പനിയിൽ 20,000 കോടി രൂപയാണ് ഉള്ളത്. അദാനിക്ക് ഇത്രയധികം പണം സ്വരൂപിക്കാൻ കഴിയില്ല. അദാനിക്ക് എനിടെ നിന്നാണ് ഈ പണം ലഭിച്ചത്. ഇതിന് പിന്നിൽ ഒരു ചൈനീസ് പൗരനുണ്ട്. ആരാണ് ഇയാൾ ? മോദിക്ക് അദാനിയുമായി എന്താണ് ബന്ധം. പ്രധാനമന്ത്രിയും അദാനിയും ഫ്‌ളൈറ്റിലിരിക്കുന്ന ചിത്രം ഞാൻ കാണിച്ചുകൊണ്ടാണ് ചോദിച്ചത്. ഈ തെളിവുകൾ ഞാൻ ടേബിളിൽ വച്ചു. ഇതിന് തൊട്ടുപിന്നാലെ ബിജെപി അവരുടെ പണി തുടങ്ങി. ഇക്കാര്യം സ്പീക്കർക്ക് വിശദമായി എഴുതി നൽകിയതാണ്. പ്രതിരോധ രംഗത്തെ കുറിച്ചും, വിമാനത്താവളങ്ങളെ കുറിച്ചുമെല്ലാം അക്കമിട്ട് നിരത്തി സ്പീക്കർക്ക് കത്ത് നൽകിയതാണ്. ഇതിനെല്ലാമുള്ള തെളിവുകളും സമർപ്പിച്ചിരുന്നു. പക്ഷേ ഈ കത്തിന് മറുപടിയൊന്നും ലഭിച്ചില്ല’- രാഹുൽ ഗാന്ധി പറഞ്ഞു.
പാർലമെന്റിൽ ഒരു നിയമം ഉണ്ട്. ഒരു അംഗം ആരോപണം ഉന്നയിച്ചാൽ അദ്ദേഹത്തിന് എന്താണോ പറയാനുള്ളത് അതുകൂടി കേൾക്കണമെന്ന്. എന്താണ് തനിക്ക് സംസാരിക്കാൻ അവസരം നൽകാത്തത് എന്താണെന്ന് ചോദിച്ചപ്പോൾ സ്പീക്കർ ചിരിക്കുകയാണ് ചെയ്തത്.
അദാനിയും മോദിയും തമ്മിൽ വർഷങ്ങളായുള്ള പരിചയമാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതലുള്ള ബന്ധമാണ് അത്. തന്നെ അയോഗ്യനാക്കിയത് തന്റഎ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നതുകൊണ്ടാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ജനങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിക്കുന്നതെന്നും ഇനിയും അത് തന്നെ തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അദാനിയുടെ സത്യം ഒരിക്കൽ പുറത്ത് വരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒരിക്കലും ഇത് ഇവിടെ വച്ച് നിർത്താൻ പോകുന്നില്ല. സത്യം പുറത്ത് വരുന്നത് വരെ ഇതെ കുറിച്ച് ചോദിച്ചുകൊണ്ടേ ഇരിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.