ക്രിസ്റ്റ്യാനോയ്ക്ക് ഇരട്ട ഗോൾ; ലിച്ചൻസ്റ്റൈനെതിരെ പോർച്ചുഗലിന് വമ്പൻ ജയം
യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ ലിച്ചൻസ്റ്റൈനെ തകർത്ത് പോർച്ചുഗൽ. ഗ്രൂപ്പ് ജെയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് പോർച്ചുഗലിൻ്റെ ജയം. പോർച്ചുഗലിനായി ഒരു പെനാൽറ്റി അടക്കം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് ഗോളുകൾ നേടി. ജോ കാൻസലോ, ബെർണാഡോ സിൽവ എന്നിവരാണ് പോർച്ചുഗലിൻ്റെ മറ്റ് ഗോൾ സ്കോറർമാർ. ഇതോടെ പോർച്ചുഗലിലെ തൻ്റെ കരിയർ വിജയത്തോടെ ആരംഭിക്കാൻ പരിശീലകൻ റോബർട്ടോ മാർട്ടിനസിനു സാധിച്ചു.
മത്സരത്തിൻ്റെ എട്ടാം മിനിട്ടിൽ ജോ കാൻസലോയിലൂടെയാണ് പോർച്ചുഗൽ ഗോൾ വേട്ട ആരംഭിച്ചത്. പിന്നീടങ്ങോട്ട് പോർച്ചുഗൽ ആക്രമണനിരയെ പിടിച്ചുനിർത്താൻ ലിച്ചൻസ്റ്റൈൻ പ്രതിരോധത്തിനു കഴിഞ്ഞു. 47ആം മിനിട്ടിൽ ബെർണാഡോ സിൽവയിലൂടെയാണ് പോർച്ചുഗൽ പിന്നീട് സ്കോർ ചെയ്യുന്നത്. 51ആം മിനിട്ടിലെ പെനാൽറ്റിയും 63ആം മിനിട്ടിലെ ഫ്രീ കിക്കും ഗോളാക്കി മാറ്റിയ ക്രിസ്റ്റ്യാനോ പോർച്ചുഗലിനു വമ്പൻ ജയമൊരുക്കി.
ആകെ 35 ഷോട്ടുകളും 11 ഓൺ ടാർഗറ്റ് ഷോട്ടുകളുമുണ്ടായിട്ടും 4 ഗോൾ മാത്രമേ സ്കോർ ചെയ്യാനായുള്ളൂ എന്നത് പോർച്ചുഗലിനു നിരാശയാണ്. ഈ മത്സരത്തോടെ ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങൾ കളിച്ച താരമായി ക്രിസ്റ്റ്യാനോ മാറി. 197 രാജ്യാന്തര മത്സരങ്ങളിലാണ് ഇതുവരെ താരം ബൂട്ടണിഞ്ഞത്.